ശബരിമല: ശബരിമല പുനപരിശോധന ഹര്‍ജികളിൽ ഏകകണ്ഠമായ തീരുമാനം അല്ല സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായത്. ശബരിമല വിധിക്കെതിരായ പുനപരിശോധന ഹര്‍ജികൾ പരിഗണിക്കും മുമ്പ് മത സ്വാതന്ത്ര്യം സംബന്ധിച്ച ഏഴ് കാര്യങ്ങളിൽ തീരുമാനം ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി.  ഏഴംഗ ഭരണഘടന ബെഞ്ചിലേക്ക് വിടണമെന്ന അഭിപ്രായത്തില്‍ അഞ്ചം​ഗ ബെഞ്ചിൽ മൂന്നുപേർ ഉറച്ച് നിന്നപ്പോൾ മറ്റ് രണ്ട് പേരായ ജസ്റ്റിസ് എ.വൈ. ചന്ദ്രചൂഡ്, റോഹിന്റർ നരിമാൻ എന്നിവർ വിയോജിച്ചു. 

മതത്തിന് വലിയ പ്രാധാന്യമുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗോ​ഗോയ് അഭിപ്രായപ്പെട്ടത്. ഇത്തരം വിഷയങ്ങളെ നിസ്സാരമായി കാണാൻ സാധിക്കില്ലെന്നും വിശാലമായ ചർച്ചയും പരിശോധനയും ആവശ്യമാണെന്നും കാണിച്ചാണ് വിധി പുനപരിശോധിക്കാൻ ഏഴം​ഗബെഞ്ചിന് വിടാൻ മൂന്ന് ജസ്റ്റിസുമാർ തീരുമാനിച്ചത്. എന്നാൽ ശബരിമല വിധി പുനപരിശോധിക്കുന്നതിനോ‍ട് ശക്തമായി വിയോജിച്ച് ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡും നിലകൊണ്ടു. യുവതി പ്രവേശനത്തിന് സർക്കാർ പ്രചാരണം നൽകണമെന്നായിരുന്നു ജസ്റ്റിസ് നരിമാൻ അഭിപ്രായപ്പട്ടത്. വിശുദ്ധ ​ഗ്രന്ഥം ഭരണഘടനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ചീഫ് ജസ്റ്റിസ് ര‍ജ്ഞ്ൻ ​ഗോ​ഗോയ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് ഖാൻവിൽക്കർ എന്നിവരാണ് ഏഴം​ഗബെഞ്ചിലേക്ക് വിടാൻ ഉത്തരവിട്ടത്. ജസ്റ്റിസ് റോഹിന്‍റണ്‍ നരിമാൻ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവർ ഹർജികൾ തള്ളണമെന്ന നിലപാടും സ്വീകരിച്ചു. ഭൂരിപക്ഷ വിധിയോട് ഇവർ കടുത്തവിയോജിപ്പാണ് പ്രകടിപ്പിച്ചത്.