തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷൻ വഴി രണ്ട് ലക്ഷം വീടുകൾ പൂർത്തിയായി. പ്രഖ്യാപനം നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി നടത്തും. മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് മിഷൻ പദ്ധതി നടപ്പാക്കുന്നത്. 2001 മുതൽ 2016വരെ വീട് നിർമ്മിക്കാൻ സർക്കാർ സഹായം വിവിധകാരണങ്ങളാൽ വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തവയായിരുന്നു ആദ്യഘട്ടത്തിൽ ഏറ്റെടുത്തത്. 

രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ വീട് നിർമ്മാണവും ഏറ്റെടുത്തു. ഭൂരഹിതഭവനരഹിതരുടെ പുനരധിവാസമാണ് മൂന്നാം ഘട്ടം. രണ്ട് ലക്ഷം വീടിന്റെ പ്രഖ്യാപനം തീരുവനന്തപുരത്ത് നടക്കുന്നതിനൊപ്പം പഞ്ചായത്ത് തലത്തിലും വീട് കിട്ടിയവരുടെ ഒത്തുചേരലും നടക്കും.

മൂന്നാംഘട്ടത്തിൽ പ്രീഫാബ് സാങ്കേതിക വിദ്യയിലായിരിക്കും വീടുകൾ നിർമ്മിച്ച് നൽകുക. അടുത്ത ആഗസ്റ്റോടെ 100 ഭവന സമുച്ചയങ്ങൾ നിർമ്മിച്ച് നൽകുകയാണ് ലക്ഷ്യം.