കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തായാണ് ഇവർ കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം
മലപ്പുറം: കരുവാരക്കുണ്ടിൽ മലയിൽ കുടുങ്ങിയ രണ്ട് പേരെ കണ്ടെത്തി. ഇവർക്കൊപ്പം മല കയറി തിരിച്ചിറങ്ങിയ മൂന്നാമന്റെ സഹായത്തോടെയാണ് പൊലീസും അഗ്നിരക്ഷാ സേനയും ഇവരെ കണ്ടെത്തിയത്. കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തായാണ് രണ്ട് പേരും കുടുങ്ങിയത്. മല കാണാനായി കയറിയ മൂന്ന് പേരിൽ രണ്ട് പേർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. അഗ്നിശമന സേനയും പൊലീസും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. ചെരികൂമ്പൻ മല എന്ന സ്ഥലത്താണ് ഇവർ കുടുങ്ങിക്കിടക്കുന്നത്. കരുവാരക്കുണ്ട് സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നത്. യാസീം, അഞ്ജൽ എന്നിവരാണ് കുടുങ്ങിയത്. ഒപ്പമുണ്ടായിരുന്ന ഷംനാസ് താഴെയെത്തി.

മല കയറാൻ പോയ മൂന്ന് പേരും 20 വയസിൽ താഴെ പ്രായമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് പ്രദേശത്തെക്കുറിച്ച് വ്യക്തമായ വിവരവുമുണ്ടായിരുന്നു. എന്നാൽ തിരിച്ചിറങ്ങുമ്പോഴേക്കും രാത്രിയായതോടെ വഴിയറിയാതെ കുടുങ്ങി. രക്ഷാ പ്രവർത്തകർക്ക് വളരെ വേഗം ഇവരുടെ അടുത്തേക്ക് എത്താനായത് നേട്ടമായി.
