കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എംസി കമറുദീന്‍ എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ. മഞ്ചേശ്വരം എംഎല്‍എയും ലീഗ് നേതാവുമായ എം സി കമറുദീനെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ചന്തേര സ്റ്റേഷനിലാണ് കേസെടുത്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 53 ആയി. ഇതില്‍ 13 കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. 

 ജ്വല്ലറി തട്ടിപ്പ് വിഷയം വിവാദമായതോടെ കമറുദീൻ എംഎല്‍എക്കെതിരെ മുസ്ലീം ലീഗ് അച്ചടക്ക നടപടിയെടുത്തിരുന്നു. യുഡിഎഫ് ജില്ലാ ചെയര്‍മാൻ സ്ഥാനത്തു നിന്നും കമറുദീനെ ലീഗ് നേതൃത്വം നീക്കുകയായിരുന്നു. ഏറെ പരാതികള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും പിന്നാലെയാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ ലീഗ് നേതൃത്വം നിര്‍ബന്ധിതമായത്. കാസര്‍കോട്ടെ ജില്ലാ നേതാക്കളെ  പാണക്കാട്ടേക്ക് വിളിച്ചു വരുത്തിയാണ് കമറുദീന് എതിരെ മുസ്ലീം ലീഗ് നടപടി പ്രഖ്യാപിച്ചത്.