ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ച് ആയി ഉയർന്നു. ഇനി ഒരു മലയാളിയെക്കൂടി കണ്ടെത്താനുണ്ട്.
മുബൈ: ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. കൊല്ലം സ്വദേശി എഡ്വിൻ, തൃശ്ശൂർ സ്വദേശി അർജുൻ എന്നിവർ മരിച്ചതായാണ് സ്ഥിരീകരിച്ചത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് എഡ്വിൻ. ബാർജിൽ അഫ്കോൺ കമ്പനിയിലെ ജീവനക്കാരനായിരുന്നു. തൃശ്ശൂർ ആര്യംപാടം സ്വദേശിയാണ് അർജുൻ. എട്ട് വർഷത്തോളമായി ഒഎൻജിസിയിൽ ജോലി ചെയ്യുകയായിരുന്ന അർജുൻ ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്.
ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ച് ആയി ഉയർന്നു. ഇനി ഒരു മലയാളിയെക്കൂടി കണ്ടെത്താനുണ്ട്. നേരത്തെ വയനാട് സ്വദേശികളായ സുമേഷ്, ജോമിഷ്, ചിറക്കടവ് സ്വദേശി സഫിൻ ഇസ്മായീൽ എന്നിവർ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. വയനാട് സ്വദേശി സുമേഷിന്‍റെ മൃതദേഹം കുടുംബം തിരിച്ചറിഞ്ഞു. ജോമിഷിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു.
ഇതുവരെ 51 പേരാണ് ബാർജ് അപകടത്തിൽ മരിച്ചത്. കാണാതായ 25 പേർക്കായി തിരച്ചിൽ തുടരുകയാണ്. ചുഴിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും അതെല്ലാം അവഗണിച്ച ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ബാർജിലുണ്ടായിരുന്ന എഞ്ചിനീയറുടെ പരാതിയിലാണ് ക്യാപ്റ്റൻ രാകേഷ് ബല്ലവിനെതിരെ മുംബൈ പൊലീസ് കേസെടുത്തത്. ഇനിയും കണ്ടെത്താനുള്ളവർക്കായി നേവിയുടെ തെരച്ചിൽ നാലാം ദിനവും തുടരുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
