തിരുവനന്തപുരം: സംസ്ഥാനസർക്കാരിനെതിരെ പുതിയ ആരോപണങ്ങളുന്നയിച്ച് പ്രതിപക്ഷം. ലൈഫ് മിഷനിൽ വൻ തട്ടിപ്പ് നടന്നിട്ടുണ്ട്. ധാരണാപത്രം ഒപ്പിട്ട ശേഷം സർക്കാർ തുടർ കരാറിൽ ഏർപ്പെട്ടില്ലെന്ന് വി ഡി സതീശൻ ആരോപിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ ആകെ ഒമ്പതര കോടി രൂപയാണ് കൈക്കൂലി കൊടുത്തിട്ടുള്ളത്. നാലരക്കോടിയുെട കാര്യമേ പുറത്തു വന്നുള്ളു. ബെവ്കോ ആപ് സംബന്ധിച്ചും അഴിമതി നടന്നു. ബെവ്കോ ആപ്പിലെ സഖാവിന് ഈ അഞ്ചുകോടിയുമായി ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ സർക്കാരിന് മറുപടിയുണ്ടോ എന്നും സതീശൻ ചോദിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെണ്ടർ തുക സർക്കാർ അദാനി ​ഗ്രൂപ്പിന് ചോർത്തിക്കൊടുത്തു എന്നും അദ്ദേഹം ആരോപിച്ചു. 

20 കോടി രൂപയുടെ പദ്ധതിയ്ക്ക് വേണ്ടി നാലരക്കോടി രൂപ താൻ കൈക്കൂലി കൊടുത്തെന്ന് യൂണിടാക് നിർമ്മാണക്കമ്പനിയുടെ മുതലാളി എൻഫോഴ്സ്മെന്റിന് മൊഴി കൊടുത്തതാണ്. അടുത്ത ദിവസം സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി പറയുന്നുനാലരക്കോടി കൈക്കൂലി കൊടുത്തത് എനിക്കറിയാമായിരുന്നു എന്ന്. ഈ തുക മാത്രമല്ല കൈക്കൂലിയായി പോയിരിക്കുന്നത്. അഞ്ച് കോടി രൂപ കൂടി കൈക്കൂലിയായി പോയിട്ടുണ്ട്. ആ അഞ്ച് കോടി രൂപ എവിടെയാണ്. പത്തുകോടിയിൽ‌ താഴെ മാത്രമാണ് നിർമ്മാണച്ചെലവ്. അന്വേഷിക്കാൻ തയ്യാറാണോ എന്ന് സർക്കാരിനെ താൻ വെല്ലുവിളിക്കുന്നു. ഒമ്പതരക്കോടി രൂപയാണ് കൈക്കൂലി കൊടുത്തിരിക്കുന്നത്, അത് ഇന്ത്യയിലെ തന്നെ റെക്കോഡാണ്. 46 ശതമാനം കമ്മീഷൻ ഒരു പ്രോജക്ടിൽ കൈക്കൂലിയായി കൊടുത്തു. പാവങ്ങളുടെ ലൈഫ് മിഷൻ സർക്കാർ കൈക്കൂലി മിഷനാക്കിയെന്നും വി ഡി സതീശൻ ആരോപിച്ചു.  

കൺസൾട്ടൻസി എന്ന് വച്ചാൽ ഈ സർക്കാരിന് വീക്ക്നെസ്സാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യം ഒന്നല്ല, രണ്ട് കൺസൾട്ടൻസിയെ ഏൽപ്പിച്ചു. അദാനിയുമായി മത്സരിക്കുമ്പോ അദാനിയിടെ അമ്മായിഅച്ഛനെ തന്നെ ആദ്യത്തെ കൺസൾട്ടൻസി ആക്കണമായിരുന്നോ. ഇവിടെ ശരിക്കും എന്താണ് സംഭവിച്ചത്. എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമുണ്ട്. അദാനി ​ഗ്രൂപ്പും നമ്മളും ക്വോട്ട് ചെയ്ത ടെണ്ടർ തുക തമ്മിൽ 19 ശതമാനത്തിന്റെ വ്യത്യാസമുണ്ടായിരുന്നെന്നും അതുകൊണ്ടാണ് നമുക്ക് ടെണ്ടർ കിട്ടാതെ പോയതെന്നുമാണ് പറയുന്നത്. ഇത് ടെണ്ടർ തുക ചോർന്നു പോയതാണ്. അതായത്, കേരള സർക്കാർ 151 രൂപ വരെ ക്വോട്ട് ചെയ്യാനുള്ള സാധ്യതയുണ്ട്. 151 ക്വോട്ട് ചെയ്താൽ ആകെ ടോണ്ടർ തുക 166 വരും, നമ്മുടെ 10 ശതമാനം കൂടി കൂട്ടി. അപ്പോ അദാനി എന്തു ചെയ്തെന്നറിയാമോ, രണ്ടു രൂപ കൂട്ടി 168 ക്വോട്ട് ചെയ്തു. അതുകൊണ്ട് തന്നെ സർക്കാരിന്റെ ടെണ്ടർ തുക സംബന്ധിച്ച വിവരം അദാനി ​ഗ്രൂപ്പിന് ചോർത്തിക്കൊടുത്തതാണെന്ന് ഉറപ്പിച്ച് പറയുകയാണെന്നും വി ഡി സതീശൻ സഭയിൽ പറഞ്ഞു.