കുത്തനെയുള്ള പാറകെട്ടുകള്‍ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിനൊക്കെ പരിഹാരമായ ശേഷമേ ടൂറിസം കേന്ദ്രം തുറക്കുന്ന കാര്യം ആലോചിക്കൂവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ

ഇടുക്കി: ഒൻപത് മാസം മുൻപ് അടച്ചു പൂട്ടിയ ഇടുക്കി മീനുളിയാംപാറ ടൂറിസം കേന്ദ്രം തുറക്കണമെന്ന ആവശ്യവുമായി വനംമന്ത്രിയെ സമീപിക്കാനൊരുങ്ങി വെണ്‍മണി, കഞ്ഞികുഴി പഞ്ചായത്തുകള്‍. ടൂറിസം വികസനത്തിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടസം നിൽക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. വിനോദസഞ്ചാരികൾ പാറക്കെട്ടുകളില്‍ വീണ് അപകടമുണ്ടാകാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് ടൂറിസം കേന്ദ്രം അടച്ചതെന്നാണ് വനം വകുപ്പ് വിശദീകരണം.

YouTube video player

ആയിരകണക്കിന് പേര്‍ പ്രതിദിനം എത്തിക്കൊണ്ടിരുന്നതാണ് ഇടുക്കി വെണ്‍മണിയിലെ ഈ ടൂറിസം കേന്ദ്രം. എന്നാൽ ടൂറിസം കേന്ദ്രം ഉൾപ്പെട്ട ഭൂമിയുടെ അവകാശമുന്നയിച്ച് വനപാലകരെത്തി. ഇവർ വിനോദ സഞ്ചാരികളെ തടയാൻ തുടങ്ങിയതോടെ നിരവധി പേരുടെ ഉപജീവനം പോലും തടസപ്പെട്ടു. ടൂറിസം കേന്ദ്രം വീണ്ടും തുറക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ കച്ചവടക്കാരും. പലർക്കും തൊഴിലുറപ്പ് കൂലിയാണ് ഇപ്പോഴത്തെ അന്നദാതാവ്.

ഇരുപത് വര്‍ഷത്തിലേറെയായി ഈ ടൂറിസം കേന്ദ്രത്തെ ആശ്രയിച്ചാണ് ഇവിടെ പലരും ജീവിച്ചത്. ഇവരിൽ ഭൂരിഭാഗം പേരും ഇപ്പോൾ തൊഴിലുറപ്പ് ജോലിയെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ടൂറിസം കേന്ദ്രം തുറക്കണം എന്നാവശ്യപെട്ട് പലതവണ വനം വകുപ്പിനെ കണ്ടിട്ടും മറുപടിയായില്ല. ഒടുവില്‍ പരിഹാരമാവശ്യപെട്ട് വകുപ്പു മന്ത്രിയെ സമീപിച്ചിരിക്കുകയാണ് മീനുളിയാപാറ പങ്കിടുന്ന വണ്ണപ്പുറം, കഞ്ഞികുഴി പഞ്ചായത്തുകള്‍.

നിരവധി അപൂര്‍വയിനം സസ്യങ്ങളുള്ള സ്ഥലമാണ് മീനുളിയാംപാറയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കുത്തനെയുള്ള പാറകെട്ടുകള്‍ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിനൊക്കെ പരിഹാരമായ ശേഷമേ ടൂറിസം കേന്ദ്രം തുറക്കുന്ന കാര്യം ആലോചിക്കൂവെന്നാണ് ഇവരുടെ പ്രതികരണം.