ആള്‍ക്കൂട്ടം കണ്ടു നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ചെങ്ങന്നൂര്‍ സര്‍ക്കിള്‍ സ്ഥലത്തെത്തി പാസ്റ്റര്‍ പി ജെ ജെയിംസിനെയും പി എം തോമസിനെയും കസ്റ്റഡിയിലെടുത്തത്. 

ചെങ്ങന്നൂര്‍: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചു വിവാഹം നടത്തിതിന് ചര്‍ച്ച് ഓഫ് ഗോഡ് മുന്‍ ഓവര്‍സീയറും പാസ്റ്ററും അറസ്റ്റില്‍. ചര്‍ച്ച് ഓഫ് ഗോഡ് മുന്‍ ഓവര്‍സീയര്‍ പാസ്റ്റര്‍ പി ജെ ജെയിംസ്, പാസ്റ്റര്‍ പി എം തോമസ് എന്നിവരെയാണ് ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടനാട് കീഴ്വന്മഴി ചര്‍ച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തില്‍ വധുവിന്റെ ഭവനത്തില്‍ വെച്ചു നടന്ന വിവാഹമാണ് വിവാദമായത്.

മുളക്കുഴ സ്റ്റേറ്റ് ഓഫീസിന്റെ അറിവോ അനുവാദമോ ഇല്ലാതെ നടത്തിയ ഈ വിവാഹം കീഴ്വന്മഴി ഗില്ഗാല്‍ സഭയിലെ വിശ്വാസികളെ പോലും മറച്ചു വെച്ച് രഹസ്യമായി നടത്തുകയായിരുന്നു. ആള്‍ക്കൂട്ടം കണ്ടു നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ചെങ്ങന്നൂര്‍ സര്‍ക്കിള്‍ സ്ഥലത്തെത്തി പാസ്റ്റര്‍ പി ജെ ജെയിംസിനെയും പി എം തോമസിനെയും കസ്റ്റഡിയിലെടുത്തത്.

അതേസമയം, കൊവിഡ് 19 രോഗവ്യാപനം ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ജീവന് സംരക്ഷണം നല്‍കുന്നതിനും പൊതുസമാധാനം നിലനിര്‍ത്തുന്നതിനും ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവിട്ടു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് ഉള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങള്‍ ഈ കാലയളവില്‍ നിര്‍ത്തിവയ്ക്കണം.

എന്നാല്‍, അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും എമര്‍ജന്‍സി മെഡിക്കല്‍ സഹായത്തിനും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. വാഹനത്തില്‍ ഡ്രൈവറെ കൂടാതെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് കൂടി യാത്ര ചെയ്യാം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അവശ്യസാധനങ്ങളുടെ ട്രാന്‍സ്പോര്‍ട്ടേഷനും മാത്രമേ ഓട്ടോറിക്ഷകളും ടാക്സികളും ഉപയോഗിക്കാന്‍ പാടുള്ളു.

പെട്രോള്‍ പമ്പിന്റെ പ്രവര്‍ത്തനം, എല്‍.പി.ജി യുടെ വിതരണം എന്നിവ തടസപ്പെടുത്താന്‍ പാടില്ല. പലചരക്ക്, പച്ചക്കറി, പാല്‍, മല്‍സ്യം, മാംസം, തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുളളൂ തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.