മൂന്ന് കുട്ടികളായിരുന്നു ഒഴുക്കില്‍പ്പെട്ടത്. ഇതിലൊരാളെ രക്ഷപ്പെടുത്താനായി.
കോഴിക്കോട്: നാദാപുരം വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു (Death). ഒരാൾ രക്ഷപ്പെട്ടു. വിലങ്ങാട് ആലപ്പാട്ട് സാബുവിന്‍റെ മകൾ ആഷ്മിൽ, കൂവ്വത്തോട് പാപ്പച്ചന്‍റെ മകൻ ഹൃദ്വിൻ എന്നിവരാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. വിലങ്ങാട് പുഴയിൽ കൂടല്ലൂർക്കയം ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയതായിരുന്നു മൂന്ന് പേരും. ഒഴുക്കിൽപ്പെട്ടത് കണ്ട ബന്ധുക്കൾ ഉറക്കെ കരഞ്ഞതോടെ നാട്ടുകാർ ഓടിക്കൂടി മൂന്ന് പേരെയും പുഴയിൽ നിന്ന് പുറത്തെടുത്തു. ഉടൻ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ഹൃദ്വിൻ ആശുപത്രിയിലേക്കുള്ള വഴി മധ്യേയും ആഷ്മിൽ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. ഹൃദ്വിന്‍റെ സഹോദരി ഹൃദ്യ പരിക്കുകളോടെ രക്ഷപ്പെട്ടു. ആഷ്മിലിന്‍റെ അമ്മ മഞ്ജുവിന്‍റെ സഹോദരിയുടെ മക്കളാണ് ഹൃദ്വിനും ഹൃദ്യയും. ഇവർ ബെംഗളൂരുവില്‍ സ്ഥിരതാമസമായിരുന്നു. ഈസ്റ്റർ ആഘോഷിക്കാനായി കഴിഞ്ഞയാഴ്ച്ചയാണ് വിലങ്ങാട്ടെ ബന്ധുവീട്ടിൽ എത്തിയത്. രണ്ട് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
- നിർത്തിയിട്ട വാനിൽ ബൈക്കിടിച്ച് കയറി അപകടം, പൊലീസുകാരൻ മരിച്ചു
തൃശൂർ: മണ്ണുത്തി ചെമ്പുത്രയിൽ നിർത്തിയിട്ടിരുന്ന ടിപ്പറിനു പുറകിൽ ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പൊലീസുകാരൻ മരിച്ചു. രാമവർമപുരം പൊലീസ് ക്യാംപിലെ ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി ആലത്തൂർ കുനിശ്ശേരി സ്വദേശി പനയംമ്പാറ കോച്ചം വീട്ടിൽ എം.എ.മനു (26) ആണ് മരിച്ചത്. പഞ്ചറായി നിർത്തിയിട്ട ടിപ്പറിനു പുറകിലേക്ക് ബൈക്കിടിച്ച് കയറിയാണ് അപകടമുണ്ടായത്. ഡ്യൂട്ടിയ്ക്ക് വേണ്ടി വീട്ടിൽ നിന്ന് കേരള പൊലീസ് അക്കാദമിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ വാനിന്റെ ഡ്രൈവർക്കും പരുക്കേറ്റു.
