കോഴിക്കോട്: വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഎം വിമതന്‍ സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ട് പേർ കോടതിയിൽ കീഴടങ്ങി. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത കൊളശേരി സ്വദേശി റോഷൻ ബാബു, വേറ്റുമ്മൽ സ്വദേശി ശ്രീജൻ എന്നിവരാണ് ഇന്ന് തലശേരി കോടതിയിൽ കീഴടങ്ങിയത്. ഇരുവരെയും റിമാൻഡ് ചെയ്തു.  

പൊലീസ് തയാറാക്കിയ എഫ് ഐ ആറിൽ ഇല്ലാത്ത പ്രതികളാണ് ഇപ്പോള്‍ കീഴടങ്ങിയിരിക്കുന്നത്. കേസിൽ എവിടെയും ഇവരുടെ പേരുകള്‍ ചേർത്തിട്ടില്ല. ഇരുവരെയും റിമാൻഡ് ചെയ്തപ്പോഴും അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നും റിപ്പോർട്ട് തേടിയിട്ടില്ല. ഇതോടെ ഇരുവരെയും കസ്റ്റഡിയിൽ വാങ്ങുന്ന കാര്യത്തിൽ പൊലീസിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. അതിനിടെ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ തലശേരി സി ഐയെ മാറ്റിയത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയും ശക്തമായി. വധശ്രമക്കേസിൽ പിടിയിലായവരുടെ എണ്ണം ഇതോടെ അഞ്ചായി. 

കേസിലെ പ്രതിയെ ഒളിവില്‍ താമസിപ്പിച്ചയാളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തലശ്ശേരി സ്വദേശി വിശ്വാസിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ വച്ചാണ് സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.  

തന്നെ ആക്രമിച്ചതിന് പിന്നിൽ  സിപിഎമ്മിലെ പ്രാദേശിക നേതാക്കൾക്ക് പങ്കുണ്ടെന്നും സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സി ഒ ടി നസീർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി വടകരയിലെ സിപിഎം സ്ഥാനാർത്ഥിയായിരുന്ന പി ജയരാജനും കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും രംഗത്തെത്തിയിരുന്നു

തലശ്ശേരി നഗരസഭ കൗൺസിലറും സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ആയിരുന്ന സിഒടി നസീർ, സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടിക്കെതിരായി കല്ലെറിഞ്ഞ കേസിൽ പ്രതിയായിരുന്നു. എന്നാൽ കേസില്‍ സഹായിച്ചില്ലെന്ന് ആരോപിച്ച് 2015ൽ നസീർ പാർട്ടിയുമായി അകന്നു. പി ജയരാജനെതിരേ മത്സര രംഗത്ത് വന്നതിനു ശേഷമാണ് നസീർ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ ഷംസീറിനെതിരെ തലശ്ശേരിയിൽ മത്സരിക്കാൻ ഒരുങ്ങിയ നസീർ അവസാന നിമിഷം പിന്മാറിയിരുന്നു.