Asianet News MalayalamAsianet News Malayalam

പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട സംഭവം: രണ്ട് പൊലീസുകാ‍ര്‍ക്ക് സസ്പെൻഷൻ

ഇന്നലെ രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം. നെടുങ്കണ്ടത്തിനു സമീപം താന്നിമൂട്,പത്തിനിപ്പാറ, അമ്മഞ്ചേരിപ്പടി എന്നിവിടങ്ങളിൽ വച്ച് ഇയാളെ  ആളുകൾ കണ്ടതായി പോലീസിനെ അറിയിച്ചിരുന്നു.

Two policemen suspended in POCSO case accused escapes
Author
First Published Jan 25, 2023, 8:54 AM IST

ഇടുക്കി: നെടുങ്കണ്ടത്ത് പോക്സോ കേസ് പ്രതി രക്ഷപെട്ട സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. പ്രതിക്ക് എസ്കോർട്ട് പോയ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നെടുങ്കണ്ടം എസ്എച്ച്ഒയ്ക്കെതിരെയും വകുപ്പ് തല നടപടി ഉണ്ടായേക്കും. അതേസമയം കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ ഒരു ദിവസം കഴിഞ്ഞിട്ടും പിടികൂടാനായില്ല. ആവശ്യത്തിന് പോലീസുകാരില്ലാതെ പ്രതികളെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടു പോയതാണ് ഇയാൾ രക്ഷപെടാൻ കാരണമായത്.

ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായ അച്ഛനാണ് പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. ഇന്നലെ രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം. നെടുങ്കണ്ടത്തിനു സമീപം താന്നിമൂട്,പത്തിനിപ്പാറ, അമ്മഞ്ചേരിപ്പടി എന്നിവിടങ്ങളിൽ വച്ച് ഇയാളെ  ആളുകൾ കണ്ടതായി പോലീസിനെ അറിയിച്ചിരുന്നു.

രണ്ടു തവണ തെരച്ചിൽ സംഘത്തിനു മുന്നിലെത്തിയ പ്രതി ഓടി രക്ഷപെട്ടു. പോലീസ് പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. പ്രദേശത്ത് രാവിലെ മുതൽ വൻ പോലീസ് സംഘമാണ് തെരച്ചിൽ നടത്തുന്നത്. നാട്ടുകാരും സഹായത്തിനുണ്ട്. ഏലത്തോട്ടവും കുരുമുളക് കൃഷിയുമുള്ള സ്ഥലത്ത് ഇയാൾ ഒളിച്ചിരിപ്പുണ്ടോയെന്ന് കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചും പോലീസ് പരിശോധിച്ചു. ഇടുക്കിയിൽ നിന്നും പോലീസ് നായയെയും എത്തിച്ചു. പ്രതിയുടെ വസ്ത്രത്തിൻ്റേയും ചെരുപ്പിൻ്റേയും മണം പിടിച്ച പോലീസ് നായ തോട്ടങ്ങളിലൂടെയും റോഡിലൂടെയും സഞ്ചരിച്ച് താമസക്കാരില്ലാത്ത വീടിനു മുകളിൽ നിന്നും വീണ്ടും ഏലത്തോട്ടത്തിലേക്ക് കയറിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. 

രണ്ടു പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുമ്പോൾ അഞ്ചു പോലീസുകാരെങ്കിലും ഉണ്ടാകേണ്ടതാണ്. എന്നാൽ രണ്ടു പേർ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ഇവരെ മജിസ്ട്രേറ്റിൻറെ വീടിനു മുന്നിൽ ഇറക്കിയ ശേഷം വാഹനം തിരികെപ്പോരുകയും ചെയ്തു. റിമാൻഡ് ചെയ്ത പ്രതികളെ ഏറ്റുവാങ്ങുന്നതിനുള്ള പേപ്പറിൽ ഒപ്പു വയ്ക്കാൻ പോലീസുകാരിലൊരാൾ കയറുന്നതിനിടെയാണ് പ്രതി മതിൽ ചാടി രക്ഷപെട്ടത്. കോടതിയിലേക്ക് പ്രതികളെയുമായി പോയ പോലീസുകാർക്കെതിരെ റിപ്പോ‍ർട്ട് കിട്ടിയാൽ വകുപ്പ് തല നടപടിയുണ്ടായേക്കുമെന്ന് ഇടുക്കി എസ് പി പറഞ്ഞു.

Follow Us:
Download App:
  • android
  • ios