പ്രദേശത്ത് ഫയര്‍ഫോഴ്സും മുങ്ങൽ വിദഗ്ധരുടെ സംഘവും തെരച്ചിൽ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കുള്ളതിനാൽ രാത്രി എട്ടരയോടെ അവസാനിപ്പിച്ചു.

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് കരമനയാറ്റിൽ മീൻപിടിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. മേലേകടവ് ഭാഗത്ത് ഇറങ്ങിയ പട്ടം സെന്‍റ് മേരീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി നിരഞ്ജൻ , ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ജിബിത്ത് എന്നിവരെയാണ് കാണാതായത്. മീൻപിടിക്കുന്നതിനിടെ കാൽവഴുതി ഇരുവരും ഒഴുക്കിൽപ്പെട്ടെന്നാണ് വിവരം. മൂന്നാംമൂട് , പാപ്പാട് സ്വദേശികളാണ് ഇരുവരും. പ്രദേശത്ത് ഫയര്‍ഫോഴ്സും മുങ്ങൽ വിദഗ്ധരുടെ സംഘവും തെരച്ചിൽ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കുള്ളതിനാൽ രാത്രി എട്ടരയോടെ അവസാനിപ്പിച്ചു.

അതേസമയം കണ്ണൂ‍ർ കൂത്തുപറമ്പിനടുത്ത് തൃക്കണ്ണാപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു. ശ്രീനാരായണ വായനശാലക്ക് മുന്നിലെ കുളത്തിൽ സഹപാഠികൾക്കൊപ്പം കുളിക്കാനിറങ്ങിയ നിദാൽ ആണ് മരിച്ചത്. നാട്ടുകാരെത്തി നിദാലിനെ കുളത്തില്‍ നിന്ന് പുറത്തെടുത്ത് കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 14 വയസായിരുന്നു. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Read Also : സഹപാഠികൾക്കൊപ്പം കുളിക്കാനിറങ്ങി; 14 വയസുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു

ഇന്നലെയും കോട്ടയത്ത് ഈരാറ്റുപേട്ടയിൽ ഒരു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചിരുന്നു. മാതാക്കൽ കന്നുപറമ്പിൽ ഷാഹുലിന്‍റെ മകൻ അഫ്സലാണ് മരിച്ചത്. 15 വയസായിരുന്നു. തൊടുപുഴ റോഡിൽ ഇളപ്പുങ്കലിന് സമീപമാണ് വൈകിട്ട് നാലുമണിയോടെ അഫ്സൽ ഒഴുക്കിൽപ്പെട്ടത്. ഈലക്കയം ചെക്ക് ഡാമിന് സമീപം മീനച്ചിലാർ കാണാൻ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു വിദ്യാര്‍ത്ഥി. ആറിന്‍റെ തീരത്ത് കൂടി നടക്കുന്നതിനിടെ പുഴയിൽ ചെരുപ്പ് വീണു. ഇതെടുക്കാന്‍ ശ്രമിക്കുമ്പോൾ അഫ്സൽ കയത്തിൽ പെടുകയായിരുന്നു. അഫ്‍സലിന്‍റെ സുഹൃത്തും അനുജനുമാണ് ഒപ്പമുണ്ടായിരുന്നത്. കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് അഫ്‍സലിന്‍റെ മൃതദേഹം കണ്ടെത്തിയത്. കേരളത്തില്‍ മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ പുഴയിലും ആറ്റിലുമെല്ലാം ഇറങ്ങുമ്പോള്‍ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.