കോഴിക്കോട്: ഓണാഘോഷത്തിനിടെ സംസ്ഥാനത്തെ വിവിധയിടങ്ങളിലായി ഒഴുക്കിൽപ്പെട്ട് രണ്ടുപേരെ കാണാതായി. മലപ്പുറം അരിപ്പാര വെള്ളച്ചാട്ടത്തിലും കോഴിക്കോട് കടലിലും കുളിക്കാനിറങ്ങിയ രണ്ടുപേരെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.

അവധി ദിനം ആഘോഷിക്കാനായി സൈക്കിൾ റാലിയായി കൂട്ടുകാര്‍ക്കൊപ്പം കോഴിക്കോട് ബീച്ചിലെത്തിയ കൊടുവള്ളി സ്വദേശി ആദിൽ അർഷാദാണ് തിരയിൽ പെട്ടത്. എളേറ്റില്‍ എം ജെ സ്കൂളിലെ പത്താം തരത്തിൽ പഠിക്കുന്ന ആദിൽ തന്റെ 15 സഹപാഠികൾക്കൊപ്പമാണ് ഉച്ചയോടെ ബീച്ചിലെത്തിയത്. ശക്തമായ തിരയിൽ പെട്ട അർഷാദിന് നീന്തിക്കയറാനായില്ലായിരുന്നു.

കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മത്സ്യത്തൊഴിലാളികൾ കടലിൽ തെരച്ചിൽ നടത്തിയിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി. അപകടം നേരിൽ കണ്ടതിനെ തുടർന്ന് മോഹാലസ്യപ്പെട്ട് വീണ ഒരു വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലപ്പുറം കൊണ്ടോട്ടി സ്വദേശി ആഷിഖിനെയാണ് അരിപ്പാറ വെള്ളച്ചാട്ടത്തിൽ കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ആഷിഖ് ഒഴുക്കിൽപ്പെടുകയായിരുന്നു. ശക്തമായ ഒഴുക്കും പാറയിൽ വഴുക്കലും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.