Asianet News MalayalamAsianet News Malayalam

കോട്ടയത്തെ രണ്ട് വയസുകാരൻ കൊവിഡ് മുക്തനായി; ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്

നിലവില്‍ കോട്ടയം ജില്ലക്കാരായ ആറു പേരാണ് കോവിഡ് പോസിറ്റീവായി ജില്ലയിൽ തന്നെ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ തിരുവനന്തപുരം പാറശ്ശാല സ്വദേശിയും രോഗം ബാധിച്ച് മെഡിക്കല്‍ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

two year old covid patient in kottayam cured 3 more positive cases in district
Author
Kottayam, First Published May 21, 2020, 5:36 PM IST

കോട്ടയം: കൊവിഡ് സ്ഥിരീകരിച്ച് അമ്മയോടൊപ്പം  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സലയിലായിരുന്ന രണ്ട് വയസുകാരൻ്റെ രണ്ടാമത്തെ പരിശോധനാ ഫലവും നെ​ഗറ്റീവായി. കുഞ്ഞ് രോ​ഗമുക്തനായി.

ജില്ലയിൽ ഇന്ന് മൂന്ന് പേർക്കാണ് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. മെയ് ഒമ്പതിന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ ഒരാൾക്കും മേയ് 11ന് ദുബായി- കൊച്ചി വിമാനത്തിൽ എത്തിയ രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂവരും കോതനല്ലൂരിലെ സർക്കാർ ക്വാറൻ്റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു. ഇതിൽ ഒരാൾ 83 വയസുള്ള സ്ത്രീയാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് പേർക്കും യാതൊരു വിധ രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന് പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിദശാദംശങ്ങള്‍

1. മെയ് 11ന് ദുബായ്-കൊച്ചി വിമാനത്തില്‍ എത്തിയ മാങ്ങാനം സ്വദേശിനിയായ 83 കാരിക്ക് ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. കോതനല്ലൂരിലെ ക്വാറൻ്റീൻ കേന്ദ്രത്തില്‍ താമസിച്ചുവരികയായിരുന്നു ഇവ‍ർ. ഇവിടെ താമസിച്ചിരുന്ന ഭര്‍ത്താവിൻ്റെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് വീട്ടിലെ ക്വാറൻ്റീനിലേക്ക് മാറ്റിയിട്ടുണ്ട്. മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാനായി ദുബായില്‍ പോയി തിരിച്ചെത്തിയതായിരുന്നു ഇവ‍ർ.

2. ഇതേ വിമാനത്തില്‍ വന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിയായ 42 വയസുകാരനും രോ​ഗം സ്ഥിരീകരിച്ചു. ഈ വിമാനത്തില്‍ വന്ന പത്തനംതിട്ട സ്വദേശിക്ക് നേരത്തെ രോഗം സ്ഥീരീകരിച്ചിരുന്നു.

3. മെയ് 9ന് കുവൈറ്റ്-കൊച്ചി വിമാനത്തില്‍ എത്തിയ 31 വയസുള്ള നീണ്ടൂര്‍ സ്വദേശിയാണ് ഇന്ന് രോ​ഗം സ്ഥീകരിച്ച മൂന്നാമത്തെ ആൾ. ഇതേ വിമാനത്തിലെത്തിയ ഉഴവൂര്‍ സ്വദേശിനിയായ യുവതി രോഗം ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

നിലവില്‍ കോട്ടയം ജില്ലക്കാരായ ആറു പേരാണ് കോവിഡ് പോസിറ്റീവായി ജില്ലയിൽ തന്നെ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ തിരുവനന്തപുരം പാറശ്ശാല സ്വദേശിയും രോഗം ബാധിച്ച് മെഡിക്കല്‍ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. ഇത് വരെ 27 പേർക്കാണ് ജില്ലയിൽ കൊവിഡ് 19  സ്ഥിരീകരിച്ചത് ഇതിൽ 21 പേരും രോഗം ഭേദമായി ആശുപത്രി വിട്ടു.

Follow Us:
Download App:
  • android
  • ios