സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്‍റെ കീഴിലുളള 2 വര്‍ഷത്തെ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ കോഴ്സ് 4 വര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ലെന്ന് പരാതി. ഇതുമൂലം മറ്റ് കോഴ്സുകള്‍ക്കോ ജോലിക്കോ പോകാൻ ആകാത്ത അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍. പല വട്ടം ആരോഗ്യവകുപ്പിന് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു

സംസ്ഥാനത്തെ 18 കോളേജുകളിലായി 240 പേരാണ് ഹെല്‍ത്ത് ഇൻസ്പെക്ടര്‍ കോഴ്സിനുളളത്. 2017ല്‍ തുടങ്ങിയ 2 വര്‍ഷത്തെ കോഴ്സ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ നവംബറില്‍ പരീക്ഷ നടക്കേണ്ടതാണ്. എന്നാല്‍ പലവട്ടം മാറ്റിവെക്കുകയായിരുന്നു. ഫെബ്രുവരിയില്‍14 ജില്ലകളിലേക്കും ഹെല്‍ത്ത് ഇൻസ്പെക്ടര്‍ തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ കോഴ്സ് തീരാത്തതിനാല്‍ അപേക്ഷിക്കാനായില്ല. ഇനി പിഎസ്സി നിയമനം എന്ന് ഉണ്ടാകുമെന്നും അറിയില്ല

കൊവിഡ് കാലത്ത് ലക്ഷകണക്കിന് പേര്‍ പങ്കെടുത്ത മറ്റ് പരീക്ഷകള്‍ നടത്താമെങ്കില്‍ വെറും 240 പേരുളള ഈ പരീക്ഷ നടത്തിയാലെന്തെന്നാണ് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. പരീക്ഷ നടത്തുന്നതിന് ഉടൻ നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.