കഴിഞ്ഞ ദിവസം മാലിന്യം ശേഖരിക്കാനെത്തിയ ഹരിതസേന അംഗങ്ങളാണ് സംഭവം ആദ്യം അറിയുന്നത് . മാലിന്യം ശേഖരിക്കാനെത്തിയവര്‍ കുട്ടിയുടെ നിലവിളി കേട്ടാണ് വീടിനടുത്ത് എത്തുന്നത്. 

കൊല്ലം: കൊല്ലം കടയ്ക്കലില്‍ രണ്ടുവയസുകാരിയെ സഹോദരൻ പീഡിപ്പിച്ചതായി പരാതി. പോക്സോ നിയമ പ്രകാരം കേസെടുത്ത പൊലീസ് സഹോദരനെ അറസ്റ്റ് ചെയ്തു. കുട്ടിയെ വിദഗ്‍ദ ചികിത്സയ്‍ക്കായി തിരുവനന്തപുരം എസ്‍എടി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മാലിന്യം ശേഖരിക്കാനെത്തിയ ഹരിതസേന അംഗങ്ങളാണ് സംഭവം ആദ്യം അറിയുന്നത് . മാലിന്യം ശേഖരിക്കാനെത്തിയവര്‍ കുട്ടിയുടെ നിലവിളി കേട്ടാണ് വീടിനടുത്ത് എത്തുന്നത്.കതകുതുറക്കാൻ
ശ്രമിച്ചെങ്കിലും നടന്നില്ല . 

തുടര്‍ന്ന് പഞ്ചായത്ത് അംഗത്തെ വിവരമറിയിച്ചു . അവരെത്തി വീട് തുറന്ന് അകത്ത് കയറിയപ്പോഴാണ് അവശനിലയിലായ രണ്ടുവയസുകാരിയെ കണ്ടത് . ഈ സമയം മുറിയില്‍ ഒപ്പമുണ്ടായിരുന്ന സഹോദരൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു . ഇയാളെ തടഞ്ഞ് വീട്ടിൽ തന്നെ ഇരുത്തിയശേഷം പൊലീസിനെ വിവരമറിയിച്ചു. ബന്ധുക്കളേയും വിളിച്ചു വരുത്തി കുട്ടിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പരിക്കുപറ്റിയെന്ന് കണ്ടെത്തി. തുടര്‍ന്ന്
കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി.

മോഷണ കേസില്‍ മൂന്ന് വര്‍ഷം ജുവനൈൽ ഹോമില്‍ ആയിരുന്നു അറസ്റ്റിലായ സഹോദരൻ. ഇയാളുടെ വയസ് സംബന്ധിച്ച് ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ വയസ് തെളിയിക്കാനുള്ള പരിശോധനകൾക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.