Asianet News MalayalamAsianet News Malayalam

നിരപരാധിയെന്ന് ഗൺമാൻ; ആത്മഹത്യയ്ക്ക് ശ്രമിച്ച ജയഘോഷ് ബ്ലേഡ് വിഴുങ്ങിയെന്ന് പൊലീസ്

കയ്യില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ച് ജയഘോഷ് ഇടത് കൈത്തണ്ട മുറിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ബ്ലേഡ് വിഴുങ്ങിയെന്നും പൊലീസ് പറഞ്ഞു. 

UAE Consular Generals gunman Jayaghosh found with injuries
Author
Thiruvananthapuram, First Published Jul 17, 2020, 2:04 PM IST

തിരുവനന്തപുരം: താന്‍ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാൻ ജയഘോഷ്. സ്വർണക്കടത്ത് കേസില്‍ അന്വേഷണം നടക്കുന്നതിനെടെ കാണാതായ ജയഘോഷിനെ അല്‍പ സമയം മുമ്പാണ് കണ്ടെത്തിയത്. കയ്യിൽ മുറിവേറ്റ നിലയിലാണ് ഗൺമാനെ കണ്ടെത്തിയത്. ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു. അവശനിലയില്‍ കണ്ടെത്തിയ ജയഘോഷിനെ സ്വകാര്യ ആശുപത്രിയിലേക്കാണ് മാറ്റി.

കയ്യില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ച് ജയഘോഷ് ഇടത് കൈത്തണ്ട മുറിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ബ്ലേഡ് വിഴുങ്ങിയെന്നും പൊലീസ് പറഞ്ഞു. താന്‍ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ജയഘോഷ് മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞു. കയ്യിലെ മുറിവ് ഗുരുതരമല്ലെന്ന് പ്രാഥമിക നിഗമനം. മുറിവിന് ആഴമുണ്ടെങ്കിൽ ശസ്ത്രക്രിയ വേണ്ടി വരും. ബ്ലഡ് വിഴുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷം പറയാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജയഘോഷിനെ റാപ്പിഡ് ടെസ്റ്റിന് വിധേയമാക്കുമെന്നും അധികൃതർ പറഞ്ഞു. തുടര്‍ന്ന് ജയഘോഷിന്‍റെ മൊഴിയെടുക്കും. മജിസ്ട്രേട്ടായിരിക്കും മൊഴി രേഖപ്പെടുത്തുക.

തിരുവനന്തപുരം എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ജയഘോഷ് മൂന്ന് വർഷമായി യു എ ഇ കോൺസുലേറ്റിലാണ് ജോലി ചെയ്യുന്നത്. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‍നയുമായും സരിത്തുമായും ഇയാള്‍ ഫോണിൽ ബന്ധപ്പെട്ടതിന്‍റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിലും ജോലി ചെയ്തിട്ടുള്ള ഘോഷിന് ചിലരിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. അന്വേഷണം ശക്തമാകുന്നതിനിടെ തുമ്പയിലെ ഭാര്യവീട്ടിൽ നിന്ന് ഇന്നലെ മുതലാണ് ജയഘോഷിനെ കാണാതായത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎയും കസ്റ്റംസും ചോദ്യം ചെയ്യുമെന്ന ഭയം ജയഘോഷിന് ഉണ്ടായിരുന്നു. 

Follow Us:
Download App:
  • android
  • ios