യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മൂന്ന് മണിക്കൂർ നീണ്ട ഇന്ത്യാ സന്ദർശനം വൻ വിജയമായി. ഊർജ്ജം, എഐ, പ്രതിരോധം, കാർഷികം തുടങ്ങിയ സുപ്രധാന മേഖലകളിൽ സഹകരണത്തിനും നിക്ഷേപത്തിനും ഇരു രാജ്യങ്ങളും ധാരണയിലെത്തി
ദില്ലി: യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സന്ദർശനം ഇന്ത്യ - യു എ ഇ ഉഭയകക്ഷി ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവാകുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മൂന്ന് മണിക്കൂർ മാത്രം നീണ്ടുനിന്ന സന്ദർശനം അങ്ങേയറ്റം വിജയകരമായിരുന്നുവെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നിരവധി കരാറുകളിലാണ് 3 മണിക്കൂറിൽ ഇരു രാജ്യങ്ങളും ധാരണയായത്. ഊർജ്ജ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനൊപ്പം ആധുനിക ന്യൂക്ലിയർ സാങ്കേതികവിദ്യ, എ ഐ (AI), ശൂന്യാകാശ ഗവേഷണം, പ്രതിരോധം എന്നീ മേഖലകളിൽ കൈകോർക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എൽ എൻ ജി) ഇറക്കുമതി വർദ്ധിപ്പിക്കുന്നത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് കരുത്തേകും. കൂടാതെ, 2030 ഓടെ ഉഭയകക്ഷി വ്യാപാരം 200 ബില്യൺ ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സാമ്പത്തിക ബന്ധം കൂടുതൽ വിപുലീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.
കാർഷിക ഉൽപ്പന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും കയറ്റുമതി വർദ്ധിപ്പിക്കാനുള്ള തീരുമാനം ഇന്ത്യൻ കാർഷിക മേഖലയ്ക്ക് പുതിയ ഉണർവ് നൽകും. യു എ ഇയിലെ ഫസ്റ്റ് അബുദാബി ബാങ്ക്, ഡി പി വേൾഡ് (D P World) എന്നിവയുടെ ഓഫീസുകൾ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ തുറക്കാനും തീരുമാനമായി. ഇത് നിക്ഷേപ മേഖലയിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. യു എ ഇയിലുള്ള ഇന്ത്യൻ പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ ഷെയ്ഖ് മുഹമ്മദ് കാണിക്കുന്ന താല്പര്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. അതോടൊപ്പം, അതിർത്തി കടന്നുള്ള ഭീകരവാദത്തെയും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ശക്തികളെയും ഇരുനേതാക്കളും സംയുക്തമായി അപലപിച്ചു.
നേരിട്ടെത്തി സ്വീകരിച്ച് മോദി
യു എ ഇ പ്രസിഡൻറ് ഷെയ്ക് മോഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ വൈകിട്ട് 5 മണിയോടെയാണ് ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി മോദി അദ്ദേഹത്തെ സ്വീകരിച്ചത്. രണ്ടു പേരും ഒരേ കാറിലാണ് പ്രധാനമന്ത്രിയുടെ വസതിയായ എഴ് ലോക് കല്ല്യാൺ മാർഗിലേക്ക് പോയത്. സഹോദരൻ എന്നാണ് ഷെയ്ക് മൊഹമ്മദിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇന്ത്യ - യു എ ഇ ബന്ധം ശക്തമായി നിലനിറുത്തുന്നതിന് ഷെയ്തക് മൊഹമ്മദ് കാണിക്കുന്ന താല്പര്യത്തെ മോദി പ്രകീർത്തിച്ചു. പ്രധാനമന്ത്രിയുടെ വീട്ടിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഷെയ്ക് മൊഹമ്മദ് മടങ്ങിയത്. 3 മണിക്കൂർ നീണ്ടു നിന്ന ഹ്രസ്വ സന്ദർശനം ആയിരുന്നെങ്കിലും പരസ്പര സഹകരണം ശക്തമാക്കാനുള്ള തീരുമാനങ്ങൾ കൂടിക്കാഴ്ചയിൽ ഉണ്ടായി. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് രൂപീകരക്കുന്ന ബോർഡ് ഓഫ് പീസ് അടക്കം വിഷയങ്ങൾ ചർച്ചയായെന്നാണ് സൂചന. കഴിഞ്ഞ പതിനൊന്ന് കൊല്ലത്തിൽ ഇത് മൂന്നാം തവണയാണ് ഷെയ്ക് മൊഹമ്മദ് ഇന്ത്യയിലെത്തുന്നത്.


