കോഴിക്കോട്: യുഎപിഎ കേസില്‍ പൊലീസിനെതിരെ രൂക്ഷമായ പ്രതികരണവുമായി അറസ്റ്റിലായ സിപിഎം പ്രവർത്തകന്‍ അലന്‍റെ കുടുംബം. മാവോയിസ്റ്റ് ബന്ധമെന്നത് പൊലീസിന്‍റെ കള്ളക്കഥയാണെന്ന് അലന്‍റെ അമ്മ സബിത ആരോപിച്ചു. 15 വയസ് മുതൽ മകനെ നിരീക്ഷിക്കുന്നു എന്നാണ് പൊലീസ് പറയുന്നത്. അത് ശരിയാണെങ്കില്‍ തിരുത്താനായി എന്തുകൊണ്ട് ഈ വിവരം രക്ഷിതാക്കളെ അറിയിച്ചില്ലെന്ന് അലന്‍റെ അമ്മ സബിത മഠത്തിൽ ചോദിക്കുന്നു. അലന് നിയമസഹായം നല്‍കുന്നത് സിപിഎം സൗത്ത് ഏരിയ കമ്മറ്റിയാണ്. ഇന്ന് ജാമ്യം കിട്ടിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും സബിത വ്യക്തമാക്കി.

അറസ്റ്റിലായ സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കാനിരിക്കേയാണ് കുടുംബത്തിന്‍റെ പ്രതികരണം. യുഎപിഎ ചുമത്തിയത് പുനപരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൊലീസിന് തിരിച്ചടിയാണെന്നാണ് നിരീക്ഷിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടുമോ എന്ന കാര്യത്തിൽ പൊലീസ് അന്തിമ തീരുമാനം പറഞ്ഞിട്ടില്ല.

വെള്ളിയാഴ്ച രാത്രിയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലൻ, ഷുഹൈബ് താഹാ ഫസൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിലാണ്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇവരിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചു മാവോയിസ്റ്റ് ആശയ പ്രചരണം നടത്തി എന്നീ കുറ്റങ്ങളാരോപിച്ച് യുഎപിഎ 20,32,39 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇവർക്കെതിരെ ശക്തമായ തെളിവുണ്ടെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. പിടിയിലായത് നഗരത്തിൽ മാവോയിസ്റ്റ് പ്രവ‍ർത്തനം നടത്തിയവരാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. നഗരത്തിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘം കാട്ടിലുള്ള മാവോയിസ്റ്റുകളുടെ കണ്ണിയാണെന്ന് അന്വേഷണ സംഘം വാദിക്കുന്നു.

ഇരുവരുടേയും നീക്കങ്ങൾ നാളുകളായി നിരീക്ഷിച്ച് വരികയാണെന്നും മാവോയിസ്റ്റ് പശ്ചാത്തലം സംബന്ധിച്ച് വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. പിടിലായവരിൽ ഒരാളെ 2015 മുതൽ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നുവെന്നും ഇവരുടെ കൈയിൽ നിന്ന് ലാപ്ടോപ്പും മെമ്മറി കാർഡുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നുമാണ് പൊലീസ് പറയുന്നത്. ഓടി രക്ഷപ്പെട്ട മൂന്നാമത്തെയാൾ കോഴിക്കോട് സ്വദേശിയാണെന്നും ഇയാളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൂടുതൽ പേരെ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.