Asianet News MalayalamAsianet News Malayalam

യുഎപിഎ പിൻവലിക്കില്ല: അലന്റെയും താഹയുടെയും ജാമ്യാപേക്ഷയിൽ വിധി നാളെ

  • പ്രതികൾക്കെതിരെ ചുമത്തിയ യുഎപിഎ പിൻവലിക്കില്ലെന്നാണ് ഇന്ന് പ്രോസിക്യുഷൻ കോടതിയെ അറിയിച്ചത്
  • ഇരുവരും നിരോധിത സംഘടനയുടെ അംഗങ്ങളെന്ന് തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലില്ലെന്ന് പ്രതിഭാഗം വാദിച്ചു
UAPA arrest bail application verdict put off for 6 November 2019
Author
Kozhikode, First Published Nov 5, 2019, 11:20 AM IST

കോഴിക്കോട്: രണ്ട് വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ, പ്രതികൾ സിപിഐ മാവോയിസ്റ്റ് പ്രവർത്തകരാണെന്ന നിലപാടിലുറച്ച് പൊലീസ്. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി നാളെ വിധി പറയുമെന്ന് അറിയിച്ചു.

ഇരുവരും നിരോധിത സംഘടനയുടെ അംഗങ്ങളെന്ന് തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലില്ലെന്ന് പ്രതിഭാഗം വാദിച്ചു. യുഎപിഎ നിലനിൽക്കില്ലെന്ന് വാദിച്ച പ്രതിഭാഗം, പിടിയിലായവർ ഏതു ദിവസും കോടതിയിൽ ഹാജരാകാൻ തയാറാണെന്നും പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ എംകെ ദിനേശൻ പറഞ്ഞു.

അതേസമയം പ്രതികളുടെ പക്കൽ നിന്നും പിടികൂടിയ പുസ്തകങ്ങൾ കോടതിയിൽ ഹാജരാക്കി. ഇതൊക്കെ എന്താണെന്ന് കോടതി പ്രതിഭാഗത്തോട് ചോദിച്ചു. പ്രതികളുടെ പക്കൽ നിന്നും കണ്ടെടുത്ത നോട്ടീസുകളും കോടതിയിൽ പൊലീസ് ഹാജരാക്കിയിരുന്നു. പുസ്തകങ്ങൾ വായിക്കാൻ വേണ്ടി എടുത്തതാകാമെന്നാണ് പ്രതിഭാഗം കോടതിയിൽ പറഞ്ഞത്. 

ജോഗിയുടെ പേരിലുണ്ടായിരുന്ന കുറിപ്പ് എന്താണെന്നും കോടതി ചോദിച്ചു. എന്നാൽ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർക്കുന്ന തരത്തിൽ യാതൊരു വാദവും പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായില്ല. യുഎപിഎ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാരിൽ നിന്ന് ഇതുവരെ ഉത്തരവുണ്ടായിട്ടില്ലെന്നും നിലവിൽ യുഎപിഎ ചുമത്തി തന്നെയാണുള്ളതെന്നും കോടതിയിൽ പ്രോസിക്യുഷൻ വിശദീകരിച്ചു.

അതേസമയം പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടില്ല. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കേസിൽ നാളെ വിധി പറയാമെന്ന് കോടതി അറിയിച്ചത്. 

അതേസമയം പിടിയിലാകാനുള്ള മൂന്നാമനായുള്ള തെരച്ചിൽ നടക്കുന്നുണ്ട്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട ദളത്തിലെ അംഗങ്ങളാണ് അലനും താഹയും പിടിയിലാകാനുള്ള മൂന്നാമനുമെന്നാണ് പൊലീസ് പറയുന്നത്. കേരളത്തിലുടനീളം തീവ്ര ഇടത് പ്രശ്നങ്ങൾ നടക്കുമ്പോഴൊക്കെ ഇവിടങ്ങളിലെല്ലാം ഇരുവരും എത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. 

Follow Us:
Download App:
  • android
  • ios