കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസിൽ മൂന്നാമനെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലനും താഹക്കുമൊപ്പം ഉണ്ടായിരുന്നത് മലപ്പുറം സ്വദേശിയായ ഉസ്മാനാണെന്ന് പൊലീസ് പറയുന്നു. അലനെയും താഹയെയും അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. 

നിരവധി കേസുകളിലെ പ്രതിയാണ് ഉസ്മാനെന്നും പൊലീസ് വ്യക്തമാക്കി. ഇയാൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. പെരിന്തൽമണ്ണ ഡിവൈഎസ്‍പിക്ക് കീഴിൽ ഉസ്മാനെതിരെ യുഎപിഎ കേസുമുണ്ട്. ഓടി രക്ഷപ്പെടുന്നതിനിടെ ഉസ്മാന്‍റെ ബാഗ് പൊലീസിന് ലഭിച്ചിരുന്നു. ഈ ബാഗിൽ നിന്നുമാണ് മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന പോസ്റ്ററുകളും ലഘുലേഖകളും ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഉസ്മാനെ തിരിച്ചറിഞ്ഞത്.

അതേസമയം, അലന്‍റേയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഉസ്മാന്‍റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് നല്‍കിയേക്കുമെന്നാണ് സൂചന.