മൂന്ന് മാവോയിസ്റ്റുകൾക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു. ഈ മാസം രണ്ടിന് ഇവർ പേരാവൂരിലെ ഒരു കോളനിയിൽ എത്തിയിരുന്നതായാണ് വിവരം.
കണ്ണൂര്‍: കണ്ണൂർ പേരാവൂരിൽ മൂന്ന് മാവോയിസ്റ്റുകൾക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു. മാവോയിസ്റ്റ് സുന്ദരി ഉള്‍പ്പെടേ കണ്ടാൽ അറിയുന്ന മൂന്ന് പേർക്കെതിരെയാണ് യുപിഎയും ആംസ് ആക്ടും ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.
ഈ മാസം രണ്ടിന് ഇവർ ആയുധവുമായി പേരാവൂരിലെ കോളയാട് ചേക്കേരി കോളനിയിൽ എത്തിയിരുന്നതായാണ് വിവരം. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. സ്ത്രീ മാവോയിസ്റ്റ് നേതാവ് സുന്ദരിയാണ് എന്നാണ് പൊലീസിന്റെ അനുമാനം. ഇവർ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഘം മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പ്രദേശത്ത് പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പേരാവൂർ പൊലീസ് വ്യക്തമാക്കി. കൊട്ടിയൂർ കേളകം കണ്ണവം കരിക്കോട്ടക്കരി തുടങ്ങിയ പ്രദേശങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ചെവിടിക്കുന്നിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചിരുന്നു.
