കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലൻ ഷുഹൈബിന്റെയും താഹ ഫൈസലിന്റെയും റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും. റിമാന്റ് നീട്ടുന്നതിനായി ഇരുവരെയും കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇന്ന് ഹാജരാക്കും. കേസ് അന്വേഷണം ഏറ്റെടുത്ത എൻഐഎ കഴിഞ്ഞ ദിവസം ഇവരെ ചോദ്യം ചെയ്തിരുന്നു. അതേസമയം, കേസിൽ എൻഐഎ അന്വേഷണം വേണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്ത് കേന്ദ്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഗണനയിലാണ്.

സിപിഎം പ്രവർത്തകരായ അലനും താഹയും നാല് മാസം മുമ്പാണ് കോഴിക്കോട്ട് നിന്ന് അറസ്റ്റിലാവുന്നത്. അർദ്ധരാത്രി പൊലീസെത്തി ഇരുവരെയും വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാവോയിസ്റ്റ് അനുകൂല പ്രവർത്തനങ്ങൾ നടത്തിയെന്നും മാവോയിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള ഉസ്മാൻ എന്നയാളുമായി ഇരുവരും സംസാരിച്ച് നിൽക്കുന്നത് കണ്ടെന്നും, പൊലീസിനെ കണ്ടപ്പോൾ മൂന്നാമനായ ഉസ്മാൻ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് ആരോപിച്ചു. ഇവരുടെ സമീപത്തുണ്ടായിരുന്ന ബാഗിൽ നിന്ന് മാവോയിസ്റ്റ് അനുകൂല രേഖകൾ കണ്ടെടുത്തു എന്നുമാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. ഇവരുടെ അറസ്റ്റ് കേരളത്തിൽ വലിയ രാഷ്ട്രീയ കോലാഹലമാണുണ്ടാക്കിയത്. 

സിപിഎം പ്രാദേശിക ഘടകം കേസിൽ അലനും താഹയ്ക്കും ഒപ്പം നിന്നെങ്കിലും 'ഇവർ മാവോയിസ്റ്റുകൾ തന്നെ'യെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വലിയ വിവാദമായി. 'ചായ കുടിക്കാൻ പോയപ്പോഴല്ല ഇവരെ അറസ്റ്റ് ചെയ്ത'തെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ കടുത്ത പ്രതികരണവുമായി താഹയുടെ കുടുംബവും സിപിഎം പ്രവർത്തകരായ അലന്‍റെ കുടുംബവും രംഗത്തെത്തി. പ്രതിപക്ഷം പിന്നീട് ഈ സമരം ഏറ്റെടുത്തു. അലന്‍റെയും താഹയുടെയും വീടുകളിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദർശനം നടത്തി. ഇതോടെ സിപിഎം പ്രതിരോധത്തിലായി.