കോഴിക്കോട്: യുഎപിഎ കേസിൽ വിചാരണ തടവുകാരനായി ബംഗലൂരു ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സക്കരിയയുടെ മോചനത്തിനായി അമ്മ ബിയ്യുമ്മ സുപ്രീം കോടതിയെ സമീപിക്കും. 2008 ജുലൈയിൽ 25 നടന്ന  ബംഗലൂരു സ്ഫോടനക്കേസിൽ എട്ടാം പ്രതിയായ സക്കരിയ 11 കൊല്ലമായി ബംഗലൂരു പരപ്പന അഗ്രഹാര ജയിലിൽ വിചാരണ തടവുകാരനായി കഴിയുകയാണ്. കേസിൽ മകന് നീതി നിഷേധിക്കുകയാണ് എന്നാരോപിച്ചാണ് ബിയ്യുമ്മ സുപ്രീം കോടതിയെ സമീപിക്കുന്നത്. ബോംബുണ്ടാക്കാനാവശ്യമായ ടൈമറും മൈക്രോ ചിപ്പും ഉണ്ടാക്കാൻ സഹായിച്ചു എന്ന കുറ്റമാണ് സക്കരിയയ്ക്കുമേൽ ചുമത്തിയത്. എന്നാല്‍ മകന്‍ നിരപരാധിയാണെന്നാണ് ബിയ്യുമ്മ പറയുന്നത്. 

യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന നിരവധിപ്പേരില്‍ ഒരാളാണ് സക്കരിയയും. നേരത്തെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് പന്താരാങ്കാവില്‍ രണ്ട് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തിരുന്നു. പന്തീകാങ്കാവ് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് യുഎപിഎ ചുമത്തി കേസെടുത്തത്. സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ സൃഷ്ടിച്ച ഈ കേസ് നിലവില്‍ ഈ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയിരിക്കുകയാണ്.