പ്രകടനം നടത്തിയ ഏഴ് പേരും ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. പ്രതികളെല്ലാം ക്യാംപസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നാണ് സൂചന. 

ഇടുക്കി: പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ ഇടുക്കിയിൽ പ്രകടനം നടത്തിയവർക്കെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. ഇടുക്കി ബാലൻ പിള്ള സിറ്റിയിൽ പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ പ്രകടനം നടത്തിയ ഏഴ് പേർക്കെതിരെയാണ് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ചുമത്തുന്ന യുഎപിഎ ചാർജ്ജ് ചെയ്തിരിക്കുന്നത്. പ്രകടനം നടത്തിയ ഏഴ് പേരും ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. പ്രതികളെല്ലാം ക്യാംപസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നാണ് സൂചന. 

അതേ സമയം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന. പത്തനംതിട്ട കോന്നിയിൽ നാല് നേതാക്കളുടെ വീടുകളിൽ പരിശോധന നടന്നു. കണ്ണൂരിലും തൃശ്ശൂരിലും കൊല്ലത്തും അറസ്റ്റ് തുടരുകയാണ്

നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളും ശക്തി കേന്ദ്രങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചത്തെ ഹർത്താലിൽ വ്യാപക അക്രമമുണ്ടാക്കിയതിന് പിടിയിലായവരുടെ വീടുകൾ കേന്ദ്രീകരിച്ചാണ് ഇന്ന് രാവിലെ മുതൽ പരിശോധന നടന്നത്. 

കോന്നി കുമ്മണ്ണൂരിൽ പിഎഫ്ഐ പ്രവർത്തകരായ മുഹമ്മദ് ഷാൻ, അജ്മൽ ഷാജഹാൻ, അജ്മൽ അഹമ്മദ് എന്നിവരുടെ വീടുകളിൽ കോന്നി ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മുഹമ്മദ് ഷാനെ ഇന്നലെ രാത്രിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്യാന്പസ് ഫ്രണ്ട് നേതാവായ ഷാൻ മുഹമ്മദിന്റെ എലിയറക്കലിലെ വീട്ടിലും പരിശോധന നടത്തി. ഇതിന് ശേഷം കലഞ്ഞൂരിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. 

പരിശോധന നടന്ന വീടുകളിൽ നിന്ന് പോപ്പുലർ ഫ്രണ്ടിന്റെ കൊടിയും നോട്ടീസുകളും പിടിച്ചെടുത്തു. കണ്ണൂർ ഉളിയിൽ ബൈക്ക് യാത്രക്കാരനെ പെട്രോൾ ബോംബ് കേസിലെ പ്രതി സഫ്വാൻ, നടുവനാട് പൊലീസിനെ ആക്രമിച്ച സത്താർ ,സജീ‌ർ തൃശ്ശൂർ പുന്നയൂർക്കുളത്ത് ലോറി എറിഞ്ഞ് തകർത്ത എസ്ഡിപിഐ പ്രവർത്തകരായ സക്കീർ, റമീസ്, കൊല്ലം പുനലൂരിൽ കെഎസ്ആർടിസി ബസിനും വാഹനങ്ങൾക്കും നേരെ കല്ലെറഞ്ഞ കേസിൽ മുഹമ്മദ് ഹാരിഫ്, സൈഫുദ്ദീൻ എന്നിവരയും ഇന്ന് അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളിലും വിവിധ കേന്ദ്രങ്ങളിലും പരിശോധന തുടരും.