കൊച്ചി: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബും താഹ ഫസലും നൽകിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വാദം പൂർത്തിയാക്കി, വിധി പറയാൻ മാറ്റി. പ്രതികൾക്കെതിരെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ ജാമ്യം അനുവദിക്കരുതെന്നും സർക്കാർ കോടതിയെ അറിയിച്ചു. പ്രതികൾക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്ന ഉസ്മാൻ പത്ത് കേസുകളിൽ പ്രതിയായിരുന്നു. ഇതിൽ അഞ്ച് കേസുകൾ യുഎപിഎ നിയമ പ്രകാരം ഉള്ളതാണെന്നും സർക്കാർ അറിയിച്ചു.

പ്രതികളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ നോട്ട് ബുക്കിൽ കോഡ് ഭാഷയിലാണ് എഴുതിയിരുന്നതെന്നും ഇത് ഡീകോഡ് ചെയ്യാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയില്‍ വ്യക്തമാക്കി. എന്നാൽ, പൊലീസിന്‍റേത് അന്വേഷണ പ്രഹസനമാണെന്നും ഇൻക്വിലാബ് വിളിക്കുന്നത് കുറ്റമല്ലെന്നും പ്രതികൾ കോടതിയിൽ വാദിച്ചു. അറിയിച്ചു. വീടുകളിൽ നിന്ന് പിടിച്ചെടുത്ത ലഘുലേഖകളോ പോസ്റ്ററുകളോ യുഎപിഎ ചുമത്താൻ മാത്രം ഗൗരവമുള്ളതല്ലെന്നാണ് പ്രതികൾ കോടതിയിൽ വാദിച്ചത്.

കേസ് ഡയറി അന്വേഷണ സംഘം തിങ്കളാഴ്ച കോടതിക്ക് കൈമാറിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. അതിനിടെ പന്തീരാങ്കാവ് കേസില്‍ അലനും താഹക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമന്‍ ഉസ്മാനെതിരെ പൊലീസ് തിരച്ചില്‍ ഊർജിതമാക്കി. ഇതര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് നേതാക്കളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ കേരളത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ടോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം.