പൊലീസ് കസ്റ്റഡിയിൽ സ്വർണക്കടത്ത് ആവർത്തിച്ച് നിഷേധിച്ച ഉദയ് അവസാനം പിടിയിലായത് എക്സ് റേ പരിശോധനയിലാണ്
മലപ്പുറം: ഷാര്‍ജയില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ യുവാവിനെ വിമാനത്താവളത്തിന് പുറത്ത് വെച്ച് കേരളാ പൊലീസ് പിടികൂടി. വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച പുറത്തിറങ്ങിയ കണ്ണൂര്‍ സ്വദേശി ഉദയ് പ്രകാശാണ് സ്വർണവുമായി പൊലീസിന്റെ വലയിലായത്. ഇയാളുടെ എക്സ്റേ പരിശോധനയിൽ ശരീരത്തിനകത്ത് സ്വർണം കണ്ടെത്തി.
സ്വർണം വാങ്ങി, ഓൺലൈനായി പണമടച്ചെന്ന് കബളിപ്പിച്ചു; മലപ്പുറത്ത് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
ആകെ 58 ലക്ഷം രൂപ മൂല്യം വരുന്ന 24 കാരറ്റ് 957.2 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ 30കാരനായ ഉദയ് പ്രകാശിന്റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ നാല് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ഷാര്‍ജയില്‍ നിന്നും കടത്തിയത്.
ഇന്ന് പുലർച്ചെ 3.15 നാണ് ഉദയ് പ്രകാശ് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം IX 352 ൽ കരിപ്പൂര്‍ വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനകൾ കഴിഞ്ഞ് നാല് മണിക്ക് ഇയാൾ പുറത്തിറങ്ങി. എന്നാൽ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന് സ്വർണക്കടത്തിനെ കുറിച്ച് നേരത്തേ തന്നെ രഹസ്യ വിവരം ലഭിച്ചിരുന്നു.
മാവേലി എക്സ്പ്രസിൽ യുവതിയെ ആക്രമിച്ച് സ്വർണം കവർന്നു
വിമാനത്താവളത്തിന് പുറത്തെത്തിയ ഉദയ് പ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്‍റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന കാര്യം ഉദയ് എത്ര ചോദ്യം ചെയ്തിട്ടും സമ്മതിച്ചില്ല. പ്രതിയുടെ പക്കലുണ്ടായിരുന്ന ബാഗുകൾ പൊലീസ് പരിശോധിച്ചെങ്കിലും സ്വർണം കണ്ടെത്താനായില്ല. പിന്നീട് പൊലീസ് കസ്റ്റഡിയിൽ ഇയാളെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കി. മെഡിക്കൽ എക്സ് റേ പരിശോധനയിൽ ഉദയുടെ വയറിനകത്ത് 4 കാപ്സ്യൂളുകള്‍ ദൃശ്യമായി. പിടിച്ചെടുത്ത ഈ സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

