കഴിഞ്ഞ 10 വർഷത്തിനിടെ പറഞ്ഞ 97 ശതമാനം വാഗ്ദാനങ്ങളും പാലിച്ചുവെന്ന് എൽഡിഎഫ് അവകാശപ്പെടുമ്പോൾ, സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ പരാജയപ്പെട്ടുവെന്നും യുവാക്കൾക്ക് തൊഴിലവസരങ്ങൾ കുറയുന്നുവെന്നും യുഡിഎഫ് ആരോപിക്കുന്നു. 2024- 25 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ മൊത്തം വരവായി ലഭിച്ചത് ഏകദേശം 1.39 ലക്ഷം കോടി രൂപ മാത്രമാണെന്നാണ് കണക്കുകള്‍.

തെരഞ്ഞെടുപ്പ് അടുത്തതോടെ തൊഴിലില്ലായ്മയും ചര്‍ച്ചകളില്‍ നിറയുകയാണ്. തൊഴിലില്ലായ്മ പരിഹരിക്കുമെന്നതടക്കം വാഗ്ദാനങ്ങള്‍ നല്‍കിയാണ് കഴിഞ്ഞ രണ്ട് തവണയും ഇടത് സര്‍ക്കാര്‍ അധികാരത്തില്‍വന്നത്. ഒരു പതിറ്റാണ്ട് ഭരണത്തിന് ശേഷം, ഇതില്‍ 97 ശതമാനം വാഗ്ദാനങ്ങളും പാലിച്ചുവെന്നണ് അവകാശപ്പെട്ടാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. എന്നാല്‍, ഇടത് അവകാശവാദം തെറ്റാണെന്നും യുവാക്കളുടെ തൊഴില്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ് ഉണ്ടായതെന്നും യുഡിഎഫ് ആരോപിച്ചു.

Add Asianetnews as a Preferred SourcegooglePreferred

2024- 25 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ മൊത്തം വരവായി ലഭിച്ചത് ഏകദേശം 1.39 ലക്ഷം കോടി രൂപ മാത്രമാണെന്നാണ് കണക്കുകള്‍. ഇത് സംസ്ഥാനത്തിന്റെ അടിസ്ഥാന ചെലവുകള്‍ പോലും നിറവേറ്റാന്‍ മതിയാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വരുമാനത്തിന്റെ ഭൂരിഭാഗവും ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, പലിശയടവ് തുടങ്ങിയ നിര്‍ബന്ധിത ചെലവുകളിലേക്കാണ് പോകുന്നത്. ഇതോടെ വ്യവസായം, സ്റ്റാര്‍ട്ടപ്പ്, നൈപുണ്യവികസന പദ്ധതികള്‍, പുതിയ തൊഴില്‍ പദ്ധതികള്‍ എന്നിവയ്ക്കുള്ള വകയിരുത്തല്‍ വളരെ കുറയുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.

സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്നും യുഡിഎഫ് വിമര്‍ശിക്കുന്നു. തൊഴില്‍ ലഭ്യമാകാതെ യുവാക്കള്‍ വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറേണ്ട സാഹചര്യം തുടരുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ യുവാക്കള്‍ക്ക് കേരളത്തില്‍ യോഗ്യമായ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാകാത്തത് വലിയ സാമൂഹിക പ്രശ്നമായി മാറുകയാണ്. സംസ്ഥാനം അടിസ്ഥാന ചെലവുകള്‍ പോലും നിറവേറ്റാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍, യുവജനങ്ങളുടെ തൊഴില്‍ സൃഷ്ടിക്ക് ആവശ്യമായ നിക്ഷേപം എവിടെ നിന്നാണ് വരിക എന്നതാണ് ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യം. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന തൊഴില്‍ പദ്ധതികള്‍ കണക്കുകള്‍ക്കപ്പുറം ഫലപ്രദമല്ലെന്നാണ് യുഡിഎഫ് വിമര്‍ശനം.