തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റില്‍ നടന്ന കിറ്റ് വിതരണം സംഭാവനയല്ല സക്കാത്താണെന്ന മന്ത്രി കെ ടി ജലീലിന്‍റെ പ്രസ്താവനയ്ക്കെതിരെ യുഡിഎഫും ബിജെപിയും. പ്രോട്ടോകോൾ ലംഘനത്തെ സമുദായ വൽക്കരിക്കാനാണ് ജലീലിന്‍റെ ശ്രമമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആരോപിച്ചു. പിടിക്കപ്പെടുമെന്നായപ്പോള്‍ ജലീല്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പറഞ്ഞു.

വിദേശ നാണ്യ വിനിമയ നിയമം ലംഘിച്ച് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സംഭാവന കൈപ്പറ്റിയതായി കാണിച്ച് യുഡിഎഫ് കണ്‍വീനര്‍ ബന്നി ബഹ്നനാന്‍ പ്രധാനമന്ത്രിക്ക് നല്‍കിയ മറുപടിയായി മന്ത്രി കെ ടി ജലീല്‍ ഫേസ്ബുക്കിലൂടെ നല്‍കിയ മറുപടിയിലാണ് വാങ്ങിയത് സംഭാവനയല്ല മറിച്ച് സക്കാത്താണെന്ന് വ്യക്തമാക്കിയത്. വിശുദ്ധ റമദാന്‍ മാസത്തിലെ സത്കര്‍മത്തിന്‍റെ പുണ്യവും പ്രാധാന്യവും ഉള്‍ക്കൊളളാതെയാണ് ഇതിനെ സംഭാവനയായി വിശേശിപ്പിച്ചതെന്നും ബന്നി ബഹന്നാനുളള തുറന്ന കത്തില്‍ ജലീല്‍ പറഞ്ഞിരുന്നു. 

എന്നാല്‍ ഇതിനെതിരെയാണ് യുഡിഎഫും ബിജെപിയും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. രാഷ്ട്രീയ പ്രശ്നത്തെ സാമുദായ പ്രശ്‌നമായി വഴിതിരിക്കാനുള്ള മന്ത്രിയുടെ ശ്രമം വിലപ്പോകില്ലെന്നും തെറ്റുകൾ മൂടിവെക്കാൻ ഇതിനുമുമ്പും കെ ടി ജലീൽ ഖുർആൻ സൂക്തങ്ങളും നബിവചനങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്നും മുസ്ലിം ലീഡ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആരോപിച്ചു. സക്കാത്ത് എന്ന പുണ്യ കര്‍മത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും ജലീലിനെതിരെ ഫെറ നിയമ ലംഘനത്തിന് കോടതിയെ സമീപിക്കുമെന്നും ബന്നി ബഹ്നനാന്‍ പറഞ്ഞു.

ജലീല്‍ പറയുന്ന വാട്സ് ആപ് സന്ദേശം പോലും സംശയാസ്‍പദമാണെന്നും പിടിക്കപ്പെടുമെന്നായപ്പോള്‍ ജലീല്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പറഞ്ഞു. ജലീല്‍ നടത്തിയ നിയമലംഘനം വിശ്വാസികള്‍ മനസിലാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.