രണ്ടില കൊഴിഞ്ഞു. പാലായിലും സ്ഥിതി മറിച്ചല്ല. ജോസ് കെ മാണിയെ തോല്പിച്ച് മാണി സി കാപ്പന്‍. 

പാലാ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന് വിജയം. 2991 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 50799 വോട്ടുകള്‍ മാണി സി കാപ്പൻ നേടി. പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ ജോസ് കെ മാണി 47808 വോട്ടുകളും എൻഡിഎയിലെ ഷോണ്‍ ജോര്‍ജ്ജ് 35304 വോട്ടുകളും നേടി. കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായിരുന്നു പാല. വലിയ സസ്പെന്‍സും ട്വിസ്റ്റും ഒക്കെ പ്രതീക്ഷിച്ചെങ്കിലും മാണി സി കാപ്പന്‍ ലീഡ് ചെയ്യുന്ന കാഴ്ചയാണ് കാണാനായത്. ജോസ് കെ മാണി പരാജയം ഏറ്റുവാങ്ങിയതോടെ രാഷ്ട്രീയഭാവി തന്നെ എന്തായിത്തീരുമെന്ന ആശങ്കയാണ് ഉയരുന്നത്.

മീനച്ചില്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ഭരണങ്ങാനം, കടനാട്, കരൂര്‍, കൊഴുവനാല്‍, മീനച്ചില്‍, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം എന്നീ പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന എലിക്കുളം എന്ന പഞ്ചായത്തും പാലാ മുനിസിപ്പാലിറ്റിയും ചേർന്നതാണ് പാലാ നിയമസഭ മണ്ഡലം.

ചരിത്രം

1965 മുതൽ 2019 വരെ 13 തവണ തുടർച്ചയായി പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ചത് കെഎം മാണിയാണ്. ഇദ്ദേഹത്തിന്റെ റെക്കോർഡ് വിജയം മണ്ഡലത്തെ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമാക്കുകയായിരുന്നു. 2019ൽ കെഎം മാണിയുടെ നിര്യാണത്തെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ, കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി ജോസ് കെ മാണിയെ പരാജയപ്പെടുത്തി മാണി സി കാപ്പൻ ചരിത്രപരമായ വിജയം നേടുകയായിരുന്നു. കേരള കോൺഗ്രസ് (എം) എൽഡിഎഫിലെത്തിയതിനെത്തുടർന്ന്, യുഡിഎഫ് വിട്ട മാണി സി. കാപ്പൻ എൻസികെ സ്ഥാനാർത്ഥിയായി മത്സരിക്കുകയും 2021-ൽ വീണ്ടും വിജയിക്കുകയും ചെയ്യുകയായിരുന്നു. കേരള കോൺഗ്രസ് എം സ്ഥാനാർഥിയായിരുന്ന ജോസ് കെ മാണിയെയായിരുന്നു കാപ്പൻ പരാജയപ്പെടുത്തിയത്. ഈ തെരഞ്ഞെടുപ്പിൽ 15, 378 വോട്ടിന്റെ ഭൂരിപക്ഷമാണ് കാപ്പൻ നേടിയത്.

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ സവിശേഷമായ സ്ഥാനമുള്ള മണ്ഡലമാണ് പാലാ. രാഷ്ട്രീയ ചരിത്രവും വ്യക്തിത്വങ്ങളും കുടിയേറ്റ കർഷകരുടെ ആത്മവിശ്വാസവും ഇഴചേർന്ന മണ്ണാണിത്. ഒരു കാലത്ത് കേരള കോൺഗ്രസിൻ്റെ കുത്തകയായിരുന്ന മണ്ഡലം. കേരള കോൺഗ്രസിനെ മാറ്റിനിർത്തിക്കൊണ്ട് പാലായുടെ ചരിത്രം എഴുതാനാവില്ല. കുടിയേറ്റ കർഷകരുടെയും ക്രിസ്ത്യൻ വിഭാഗങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കാനായി 1960-കളിൽ രൂപംകൊണ്ട ഈ പാർട്ടി പാലായുടെ ശബ്ദമായി മാറി. എന്നാൽ കാലക്രമേണയുണ്ടായ ആഭ്യന്തര കലഹങ്ങളും നേതൃതർക്കങ്ങളും പാർട്ടിയെ പല കഷണങ്ങളാക്കി. ഇന്ന് എൽഡിഎഫിലും യുഡിഎഫിലുമായി ചിതറിക്കിടക്കുന്ന കേരള കോൺഗ്രസ് ഗ്രൂപ്പൂകൾ പരസ്പരം ഏറ്റുമുട്ടുന്ന കാഴ്ചയാണ് കാണുന്നത്.

രാഷ്ട്രീയ മാറ്റം

അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം തന്നെ ഉന്നതവിദ്യാഭ്യാസം, മികച്ച ആരോഗ്യ സേവനങ്ങൾ, സ്ഥാപനങ്ങളുടെ വളർച്ച എന്നിവയിലാണ് ഇവിടുത്തെ വോട്ടർമാർക്ക് താല്പര്യം. അതുകൊണ്ടു തന്നെ വിലപേശാൻ ശേഷിയുള്ള നേതൃത്വത്തെയാണ് പാലാ മണ്ഡലം ആഗ്രഹിക്കുന്നത്. ഒരുകാലത്ത് ഇടതുപക്ഷത്തിന് പ്രവേശനമുണ്ടായിരുന്നില്ല പാലായിൽ. എന്നാൽ ഇന്ന് എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കുന്നത് മണ്ഡലത്തിലുണ്ടായ മാനസികമായ രാഷ്ട്രീയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയ വികസന പദ്ധതികളാണ് എൽഡിഎഫ് പ്രചരണായുധമായി മുന്നോട്ടുവച്ചത്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്‍കിയ പ്രതീക്ഷയിലായിരുന്നു യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.