എതിരാളികളെ ബഹുദൂരം പിന്നിലാക്കി 45609 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മഞ്ഞളാംകുഴി അലി മണ്ഡലം കാത്തത്.

മങ്കട: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടത്തിനൊടുവിൽ മങ്കടയിൽ യുഡിഎഫ് സ്ഥാനാർഥി മഞ്ഞളാംകുഴി അലി (ലീഗ്) വിജയക്കൊടി പാറിച്ചു. എതിരാളികളെ ബഹുദൂരം പിന്നിലാക്കി 45609 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മഞ്ഞളാംകുഴി അലി മണ്ഡലം കാത്തത്. മഞ്ഞളാംകുഴി അലി 110692 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കുന്നത്ത് മുഹമ്മദ് 65083 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി ലിജോയ് 9933 വോട്ടുകളും നേടി.

മുസ്ലീം ലീഗ് കോട്ടയിൽ വിള്ളൽ വീഴ്ത്താൻ ഇടതുമുന്നണി പയറ്റിയ 'വിമത തന്ത്രം' മങ്കടയുടെ രാഷ്ട്രീയ ചരിത്രത്തിൽ വലിയ ചർച്ചയായിരുന്നു. സിറ്റിങ് എംഎൽഎ മഞ്ഞളാംകുഴി അലിയെ തളയ്ക്കാൻ ലീഗ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ് കുന്നത്ത് മുഹമ്മദിനെ സ്വതന്ത്രനായി എൽഡിഎഫ് പിന്തുണച്ചതോടെ പ്രവചനാതീതമായ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. സിപിഎം ആദ്യം എം.പി. അലവിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് മുഹമ്മദിന് പിന്തുണ പ്രഖ്യാപിച്ച് പിന്മാറുകയായിരുന്നു. ബിജെപിക്കായി ലിജോയ് പോളും മത്സരരംഗത്തുണ്ടായിരുന്നു.

മങ്കട മണ്ഡലത്തിൽ മങ്കട, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, മൂർക്കനാട്, പുഴക്കാട്ടിരി, കുറുവ, അങ്ങാടിപ്പുറം എന്നീ പഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്. ലീഗ് കുടുംബങ്ങളിൽ നിന്നുള്ള വോട്ടുകൾ മുഹമ്മദിലൂടെ ഭിന്നിപ്പിക്കാമെന്ന ഇടതുപക്ഷ കണക്കുകൂട്ടലുകളെ യുഡിഎഫ് തങ്ങളുടെ കേഡർ കരുത്തുകൊണ്ട് പ്രതിരോധിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി മുന്നണികൾക്കുള്ളിലുണ്ടായ തർക്കങ്ങളും സമസ്ത നേതാക്കളുടെ നിലപാടുകളും വോട്ടിംഗിനെ എങ്ങനെ സ്വാധീനിച്ചു എന്നതായിരുന്നു രാഷ്ട്രീയ കേരളം ഉറ്റുനോക്കിയത്.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 6,246 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർത്ഥി മഞ്ഞളാംകുഴി അലി വിജയിച്ചത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ യുഡിഎഫ് വലിയ മേൽക്കൈ നിലനിർത്തിയിരുന്നു. എന്നാൽ മഞ്ഞളാംകുഴി അലി ആറാം തവണയും ജനവിധി തേടിയ മങ്കടയിൽ, പതിറ്റാണ്ടുകളുടെ ലീഗ് ബന്ധം ഉപേക്ഷിച്ചെത്തിയ കുന്നത്ത് മുഹമ്മദ് ഉയർത്തിയ വെല്ലുവിളിയാണ് ഇത്തവണത്തെ ഫലം നിർണ്ണയിക്കുന്നതിൽ പ്രധാന ഘടകമായത്.