പി. കെ. ബഷീര്‍ 98547 വോട്ടുകളും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഷഫീർ കിഴിശ്ശേരി 57258 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. എന്‍ ശ്രീപ്രകാശ് 8728 വോട്ടുകളും നേടി.
ഏറനാട്: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറനാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി പി. കെ. ബഷീറിന് വീണ്ടും മിന്നും വിജയം. 41289 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് ലീഗിന്‍റെ പി. കെ. ബഷീര്‍ ഇത്തവണ സീറ്റ് നിലനിര്‍ത്തിയത്. പി. കെ. ബഷീര്‍ 98547 വോട്ടുകളും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഷഫീർ കിഴിശ്ശേരി 57258 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. എന്‍ ശ്രീപ്രകാശ് 8728 വോട്ടുകളും നേടി.
മണ്ഡലം രൂപീകരിച്ചതിന് ശേഷമുള്ള കഴിഞ്ഞ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളിലും എറനാട്ടില്‍ നിന്നുള്ള എംഎൽഎയായിരുന്നു മുസ്ലീം ലീഗിലെ പി.കെ ബഷീര്‍. 2011-ലും, 2016-ലും, 2021-ലും ഏറനാട് മണ്ഡലത്തെ ബഷീര്‍ നിയമസഭയില്‍ പ്രതിനിധീകരിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെ പോള്‍ ചെയ്‌തതില്‍ 78,076 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ഥി പി കെ ബഷീറിന് ലഭിച്ചത്. അന്ന് ഇടതുമുന്നണി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി കെ. ടി. അബ്‌ദുറഹിമാന് 55,530 വോട്ടുകളില്‍ ഒതുങ്ങേണ്ടിവന്നു. 22,000 വോട്ടുകളുടെ ഭൂരിപക്ഷമാണ് 2021-ല്‍ ഏറനാട് മണ്ഡലത്തില്‍ പി.കെ ബഷീറിനുണ്ടായിരുന്നത്.
തുടര്‍ച്ചയായ നാലാം വട്ടവും പി കെ ബഷീറിനെ യുഡിഎഫും മുസ്ലീം ലീഗും എറനാട്ടിലെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും എഐവൈഎഫ് ജില്ലാ സെക്രട്ടറിയുമായ അഡ്വ. ഷഫീർ കിഴിശ്ശേരിയായിരുന്നു പ്രധാന എതിരാളി. എൻഡിഎ സ്ഥാനാർഥിയായി എൻ. ശ്രീപ്രകാശും മത്സര രംഗത്തുണ്ടായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എറനാട് മണ്ഡല പരിധിക്കുള്ളില്‍ മേധാവിത്വം കാട്ടാനായത് യുഡിഎഫ് ക്യാമ്പിലെ ആത്മവിശ്വാസം കൂട്ടിയ ഘടകമാണ്.
2008-ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം നടന്ന 2011-ലെ ആദ്യ തെരഞ്ഞെടുപ്പിൽ സ്വതന്ത്രന്‍ പി.വി. അൻവർ രണ്ടാം സ്ഥാനത്ത് എത്തിയതും ഏറനാടിന്‍റെ രാഷ്ട്രീയ ചരിത്രമാണ്. അന്ന് സിപിഐക്ക് 2,700 വോട്ടുകള്‍ മാത്രമേ കിട്ടിയുള്ളൂ.



