ഇടതുപക്ഷത്തിന്‍റെ ശക്തികേന്ദ്രമായ ഉടുമ്പന്‍ചോലയിലും ഇടതിന് നിരാശ. കൈവിട്ട് ജനങ്ങള്‍. ഇക്കുറി വിജയം യുഡിഎഫ് സ്ഥാനാര്‍ത്ഥി സേനാപതി വേണുവിന്.
ഉടുമ്പൻചോല : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി സേനാപതി വേണുവിന് വിജയം. 20021 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി സേനാപതി വേണു വിജയിച്ചത്. സേനാപതി വേണു 64916 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ജയചന്ദ്രന്‍ 44895 വോട്ടുകളാണ് നേടിയത്.
ഏറെ പ്രതീക്ഷയോടെ ഇടതുപക്ഷം കണ്ടിരുന്ന, തോട്ടം തൊഴിലാളികളും സാധാരണക്കാരായ ജനങ്ങളും കൈപിടിക്കുമെന്ന് വിശ്വസിച്ചിരുന്ന ഇടതിന് അവിടെയും തെറ്റി. ഇക്കുറി ഇടതിനൊപ്പം നിലകൊണ്ടില്ല ഉടുമ്പഞ്ചോല. പകരം ഇടതിനെ തഴഞ്ഞ് ജനങ്ങള്‍ സേനാപതി വേണുവിനും യുഡിഎഫിനും ഒപ്പം നില്‍ക്കുന്ന കാഴ്ചയാണ് വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ കണ്ടത്. ഇടതിന്‍റെ ദയനീയമായ തകര്‍ച്ചയില്‍ ഉടുമ്പഞ്ചോലയും ചേരുന്ന കാഴ്ച.
തോട്ടം തൊഴിലാളികളുടെ വിയർപ്പിന്റെ ഗന്ധമുള്ള മണ്ണിൽ, പ്രത്യയശാസ്ത്രത്തേക്കാൾ ഉപരിയായി വ്യക്തിപ്രഭാവത്തിനും ഇച്ഛാശക്തിയുള്ള നേതൃത്വത്തിനും മുൻഗണന നൽകുന്ന മണ്ഡലമാണ് ഉടുമ്പൻചോല. ഉടുമ്പഞ്ചോല താലൂക്കിൽ ഉൾപ്പെടുന്ന ഇരട്ടയാർ, കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, സേനാപതി, വണ്ടൻമേട്, ഉടുമ്പൻചോല എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണ്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഭീമമായി ഭൂരിപക്ഷത്തിലായിരുന്നു സിപിഎമ്മിൻ്റെ എംഎം മണി വിജയിച്ചിരുന്നത്. എംഎം മണി 77,381 വോട്ടുകളായിരുന്നു നേടിയിരുന്നത്. കോൺഗ്രസിലെ ഇഎം അഗസ്തിക്ക് 39,076 വോട്ടുകൾ ലഭിച്ചിരുന്നു. ബിഡിജെഎസ് സ്ഥാനാർഥി സന്തോഷ് മാധവൻ 7,208 വോട്ടുകളും നേടിയിരുന്നു.
പതിറ്റാണ്ടുകൾക്ക് മുൻപ് തമിഴ്‌നാട്ടിൽ നിന്ന് കുടിയേറിയ തമിഴ് സംസാരിക്കുന്ന തോട്ടം തൊഴിലാളികളാണ് മണ്ഡലത്തിലെ നിർണ്ണായക ശക്തി. അവർക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്ന മലയാളം സംസാരിക്കുന്ന കുടിയേറ്റ കർഷകരും മണ്ഡലത്തിന്റെ രാഷ്ട്രീയ ഭൂപടം നിർണ്ണയിക്കുന്നുണ്ട്. തോട്ടം മേഖലയിലെ ജീവിതസാഹചര്യങ്ങളും ദീർഘകാലമായുള്ള പട്ടയ പ്രശ്നം, വന്യജിവി ശല്യം, ആദിവാസി വിഭാഗങ്ങളുടെ വികസനം, കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ്, റോഡ് വികസനം തുടങ്ങിയിയ വിഷയങ്ങളായിരുന്നു പ്രധാന ചർച്ചാ വിഷയം.



