2026-ലെ കുന്നത്തുനാട് നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.പി. സജീന്ദ്രൻ 21,283 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പ്രധാന എതിരാളിയായ എൽഡിഎഫിലെ പി.വി. ശ്രീനിജനെയാണ് പരാജയപ്പെടുത്തിയത്.
കുന്നത്തുനാട് : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി വി പി സജീന്ദ്രന് വിജയം. 21283 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സജീന്ദ്രന് വിജയിച്ചത്. സജീന്ദ്രൻ 70292 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി പിവി ശ്രീനിജൻ 49009 വോട്ടുകളും,എൻഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരൻ 40221 വോട്ടുകളും നേടി.
നിയമസഭ തെരഞ്ഞെടുപ്പിൽ ഇത്തവണ അഭിമാന പോരാട്ടം നടന്ന മണ്ഡലമാണ് കുന്നത്തുനാട്. ഇടതിനും വലതിനും കൂടാതെ എൻഡിഎയിൽ അണിചേർന്ന ട്വന്റി-20 ക്കും മണ്ഡലത്തിൽ വേരൂന്നുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. പോരാട്ട വീര്യത്തിനൊപ്പം വിട്ടു കൊടുക്കാതെ വോട്ടർമാരും കളം പിടിച്ചിരുന്നു. ഏറ്റവും ഉയർന്ന പോളിങായിരുന്നു മണ്ഡലത്തിൽ ഇക്കുറി നടന്നത്. 84. 09 ശതമാനത്തിലെത്തിയായിരുന്നു പോളിങ് അവസാനിച്ചത്.
സംവരണ മണ്ഡലമായ കുന്നത്തുനാടിന് പതിറ്റാണ്ടുകളായി യുഡിഎഫിനെ തുണച്ച ചരിത്രമാണുള്ളത്. എന്നാൽ 2021-ൽ പിണറായി തരംഗത്തിനൊപ്പം ട്വന്റി 20 എന്ന രാഷ്ട്രീയ പരീക്ഷണത്തിന്റെ മാസ് എൻട്രിയാണ് മണ്ഡലത്തിന്റെ ജാതകം മാറ്റിയത്. അന്ന് ഡോ. സുജിത്ത് രവീന്ദ്രനിലൂടെ ട്വന്റി 20 പിടിച്ചെടുത്തത് 41,000-ൽ പരം വോട്ടുകളാണ്. ബിജെപിയുടെയും യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ട് ബാങ്കുകളിൽ ഒരുപോലെ വിള്ളൽ വീഴ്ത്തിക്കൊണ്ടായിരുന്നു സാബു ജേക്കബിന്റെ ഈ മുന്നേറ്റം.
2016-ൽ വിപി സജീന്ദ്രൻ 65,000 വോട്ടുകൾ നേടിയാണ് വിജയിച്ചത്. എൽഡിഎഫിന് 61,000 വോട്ടുകളുണ്ടായിരുന്നു. എന്നാൽ 2021-ൽ ചിത്രം മാറി. എൽഡിഎഫിന് 14,000 വോട്ടും യുഡിഎഫിന് 14,000 വോട്ടും കുറഞ്ഞു. ബിജെപിക്ക് 9,000 വോട്ടുകൾ നഷ്ടമായി. ഈ വോട്ടുകളെല്ലാം ഒഴുകിയെത്തിയത് ട്വന്റി 20യുടെ പോക്കറ്റിലേക്കായിരുന്നു. 2,700 വോട്ടുകൾക്ക് പിവി ശ്രീനിജൻ മണ്ഡലം എൽഡിഎഫിനായി പിടിച്ചെടുക്കുകയായിരുന്നു.





