Asianet News MalayalamAsianet News Malayalam

ആചാരലംഘനത്തിന് രണ്ട് വ‍ർഷം വരെ തടവ്; 'ആചാര സംരക്ഷണ' നിയമത്തിന്‍റെ കരടുമായി യുഡിഎഫ്

ആചാരപരമായ കാര്യങ്ങളിൽ തന്ത്രിയുടേതാകും അന്തിമവാക്ക്. അയ്യപ്പഭക്തരെ പ്രത്യേക ഉപ മതമാക്കിയും പ്രഖ്യാപിക്കുന്നു. കേസ് വിശാലമായ ഭരണഘടനാബെഞ്ചിൻ്റെ പരിഗണനയിൽ ഉള്ള സാഹചര്യത്തിലെ നിയമപ്രശ്നം എൽഡിഎഫും ബിജെപിയും ഉന്നയിക്കും.

udf comes up with draft law for sabarimala claims they will implement it once in power
Author
Trivandrum, First Published Feb 6, 2021, 1:09 PM IST

തിരുവനന്തപുരം:  ശബരിമലയിൽ ആചാരസംരക്ഷണത്തിനായി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച നിയമത്തിന്‍റെ കരട് പുറത്ത് വിട്ട് യുഡിഎഫ്. യുവതീ പ്രവേശനം വിലക്കുന്ന കരടിൽ ആചാരലംഘനത്തിന് രണ്ട് വ‍ർഷം വരെ തടവും നിർദ്ദേശിക്കുന്നു. നിയമനിർമ്മാണത്തിന് സാധുതയില്ലെന്ന് സർക്കാർ വിശദീകരിക്കുമ്പോഴാണ് പ്രശ്നം കൂടുതൽ സജീവമാക്കി നിർത്താനുള്ള യുഡിഎഫ് നീക്കം.

ശബരിമലയിൽ ഒരു മുഴം മുമ്പെ എറിഞ്ഞാണ് യുഡിഎഫിൻ്റെ നിർണ്ണായക നീക്കം. അധികാരത്തിലെത്തിയാൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച നിയമത്തിൻ്റെ കരട് പുറത്തുവിട്ടാണ് വിശ്വാസികളെ ഒപ്പം നിർത്താനുള്ള ശ്രമം. യുവതീ പ്രവേശനം നിയമപരമായി തന്നെ വിലക്കുന്ന കരടിൽ തന്ത്രിക്ക് നൽകുന്നത് പരമാധികാരം. ആചാരപരമായ കാര്യങ്ങളിൽ തന്ത്രിയുടേതാകും അന്തിമവാക്ക്. അയ്യപ്പഭക്തരെ പ്രത്യേക ഉപ മതമാക്കിയും പ്രഖ്യാപിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലൊന്നായ തുല്യത ഉറപ്പാക്കിയുള്ള 2018 സെപ്റ്റംബർ 28ൻ്റെ യുവതീ പ്രവേശനവിധിയെ നിയമം കൊണ്ട് വന്ന് സംസ്ഥാനങ്ങൾക്ക് മറികടക്കാനാകില്ലെന്ന വാദമാകും സർക്കാർ ആവർത്തിക്കുക. 

കേസ് വിശാലമായ ഭരണഘടനാബെഞ്ചിൻ്റെ പരിഗണനയിൽ ഉള്ള സാഹചര്യത്തിലെ നിയമപ്രശ്നം എൽഡിഎഫും ബിജെപിയും ഉന്നയിക്കും. അതേ സമയം ഭരണഘടനാ ബെഞ്ചിൻ്റെ പരിഗണനയിൽ കേസുള്ളപ്പോഴും തമിഴ്നാട് സ‍ർക്കാർ കൊണ്ടുവന്ന ജെല്ലിക്കെട്ട് നിയമമാകും യുഡിഎഫ് മറുപടി. കോടതിവിധി മറികടന്നുള്ള നിയമത്തിന് കോടതി തന്നെ ചോദ്യം ചെയ്യുന്നത് വരെ പ്രാബല്യമുണ്ടെന്ന് ഒരു വിഭാഗം 
നിയമ വിദഗ്ധരും അഭിപ്രായപ്പെടുന്നു. നിയമപ്രശ്നങ്ങൾക്കപ്പുറം വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന രാഷ്ട്രീയനിലപാടെടുത്താണ് യുഡിഎഫ് എൽഡിഎഫിനെയും ബജെപിയെയും കൂടുതൽ സമ്മർദ്ദത്തിലാക്കുന്നത്.

ശബരിമലയിലെ പുതിയ നിലപാട് കൂട്ടായചർച്ചക്ക് ശേഷമെന്ന അയഞ്ഞ നിലപാടിലേക്ക് മുഖ്യമന്ത്രി മാറിയ സാഹചര്യത്തിൽ കൂടിയാണ് കരടുമായുള്ള യുഡിഎഫ് വെല്ലുവിളി. 

Follow Us:
Download App:
  • android
  • ios