Asianet News MalayalamAsianet News Malayalam

Anti K Rail agitation: കെ-റെയിലിൽ സമരമുഖം തുറന്ന് യുഡിഎഫ്, സർവ്വേ പൂർത്തിയാക്കാൻ അനുവദിക്കില്ലെന്ന് സുധാകരൻ

പ്രതിഷേധ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം കലക്ട്രേറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം കെപിസിസി അധ്യക്ഷൻ കെ.സുധാകരനാണ് ഉദ്ഘാടനം ചെയ്തത്.

UDF Conduct State Wide Protest Against K Rail
Author
Thiruvananthapuram, First Published Dec 18, 2021, 1:09 PM IST

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമാക്കി യുഡിഎഫ്. പദ്ധതിക്കെതിരെ സംസ്ഥാനത്തെ  വിവിധ  കേന്ദ്രങ്ങളിലും യുഡിഎഫിൻ്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധധർണ്ണ നടത്തി. സെക്രട്ടേറിയറ്റിനു മുന്നിലും സിൽവർ ലൈൻ കടന്നുപോകുന്ന പത്ത് ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലുമാണ് സിൽവർലൈൻ വിരുദ്ധ ജനകീയ മാർച്ച് സംഘടിപ്പിച്ചത്. യുഡിഎഫ് നിലപാടിനൊപ്പം നിൽക്കാത്ത ശശി തരൂരിൻ്റെ നിലപാട് വിവാദമായതിനിടെയാണ് സമരം

പ്രതിഷേധ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം കലക്ട്രേറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം കെപിസിസി അധ്യക്ഷൻ കെ.സുധാകരനാണ് ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി കോഴിക്കോട്ടും, കോട്ടയത്ത് ഉമ്മൻചാണ്ടിയും ആലപ്പുഴയിൽ എംഎം ഹസ്സനും പത്തനംതിട്ടയിൽ മോൻസ് ജോസഫും കണ്ണൂരിൽ ടി.സിദ്ധിഖും പ്രതിഷേധപരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. 

വി.ഡി.സതീശൻ 

50 കോടി കെഎസ്ആ‍ർടിസിക്ക് കൊടുക്കാൻ പറ്റാത്ത സർക്കാർ 2 ലക്ഷം കോടി ചിലവാക്കി ആർക്ക് വേണ്ടിയാണ് സിൽവർ ലൈൻ പണിയുന്നത്. കൊച്ചി മെട്രോ പോലും നഷ്ടമാണ്. അതിന്റെ പലിശ പോലും കൊടുക്കാൻ പറ്റുന്നില്ല. ഒരു ഡീറ്റൈൽ പ്രൊജക്ട് പോലുമില്ല. പത്ത്  കോടിയുടെ പാലം പണിയാൻ പോലും ഡിപിആ‍ർ (വിശദമായ പദ്ധതി രേഖ) ഉണ്ട്. സിൽവർ ലൈനിന് അതു പോലുമില്ല. 

പി.കെ.കുഞ്ഞാലിക്കുട്ടി 
കെ - റെയിൽ പദ്ധതി ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ്. ഒരു വികസന പദ്ധതിക്കും യുഡിഎഫ് എതിരല്ല. ഒരു പഠനവും ഇല്ലാതെ നടപ്പാക്കുന്ന കെ - റെയിൽ പദ്ധതി കേരളത്തെ നാശത്തിലേക്കാവും നയിക്കുക. ഹൈ സ്പീഡ് റെയിലിന് ആവശ്യമായ  വികസനം കേരളത്തിൽ ഇല്ല. കേരളത്തിന്റെ പരിസ്ഥിതിക്ക് ഇത് യോജിച്ചതല്ല. പ്രളയം വന്നാൽ കെ റെയിൽ നശിക്കും. പിന്നെ ആളോഹരി കടം മാത്രം ബാക്കിയാവും. യുഡിഎഫ് പ്രായോഗികമല്ലെന്ന് കണ്ട് ഉപേക്ഷിച്ച ഒരു പദ്ധതിയാണ് ഒരു പഠനവും ഇല്ലാതെ ഇപ്പോൾ സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. യുഡിഎഫിൻ്റെ കാലത്ത് ഹൈവേ പണിതാൽ കേരളം രണ്ടായി മുറിക്കപ്പെടുമെന്ന് പറഞ്ഞരാണ് ഇപ്പോൾ കെ. റെയിലുമായി രംഗത്ത് വന്നത്. കെ.റെയിൽ ആളോഹരി കടം വലിയ തോതിൽ കൂടും, ഇരട്ടിയാവും.

കെ.സുധാകരൻ 
കേരളത്തിൻ്റെ വികസനം ലക്ഷ്യംവച്ചല്ല. കമ്മീഷനടിക്കാനുള്ള കച്ചവടമാണ് കെ-റെയിൽ വഴി സ‍ർക്കാർ നടത്തുന്നത്. ഇതിനെതിരെ യുഡിഎഫ് ശക്തമായി പ്രതികരിക്കും. കെ-റെയിൽ സ‍ർവേ പൂ‍ർത്തീകരിക്കാൻ യുഡിഎഫ് അനുവദിക്കില്ല. പദ്ധതിയിൽ ജനകീയ സർവ്വേ നടത്താൻ സർക്കാർ തയ്യാറാകണം.

ഉമ്മൻചാണ്ടി 
വികസനത്തെ യുഡിഎഫ് എതിർക്കുന്നു എന്ന് പറഞ്ഞു സിൽവർ ലൈൻ പദ്ധതിയെ ന്യായീകരിക്കേണ്ട. കെ റെയിലിന് കല്ലിടും മുമ്പ് വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ...? കെ-റെയിലിനെതിരെ ശക്തമായ സമരവുമായി യുഡിഎഫ് മുന്നോട്ടുപോകും. കർഷകന്റെ മണ്ണിലാണ് പിണറായി വിജയൻ കല്ലിടുന്നത്. പരിസ്ഥിതി പഠനം നടത്തിയത് റിപ്പോർട്ടുണ്ടോ. പദ്ധതി സംബന്ധിച്ച് ഒന്നും വിശദീകരിക്കാതെയാണ് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്

എം.കെ.മുനീർ
സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല. സാമ്പത്തിക ശക്തികൾക്ക് ഒളിച്ചു കടന്നു വരാനുള്ള പാതയാണ് സിൽവർ ലൈൻ. പിണറായി സർക്കാരിന്റെ മരണമണി മുഴങ്ങി കഴിഞ്ഞു. സിൽവർ ലൈനിന്റെ മതിൽ ചൈനയിലെ വൻ മതിലിനു സമാനമാണ്. കോടികണക്കിന് രൂപയുടെ അഴിമതിക്ക് കൂട്ടുനിൽക്കാൻ മനസില്ല. ദുരന്തങ്ങളെ ഇഷ്ടപ്പെടുന്നയാളാണ് പിണറായി വിജയൻ. അദ്ദേഹത്തിന് വികാരങ്ങളില്ല. ഓരോ പ്രളയവും അദ്ദേഹത്തെ സമ്പന്നനാക്കുന്നു. ദുരന്തത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ആലോചിക്കുന്നയാളാണ് പിണറായി.

ടി.സിദ്ദിഖ്
സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ ഒരു തരത്തിലും സമ്മതിക്കില്ല. ആർക്ക് വേണ്ടിയാണ് ഈ പദ്ധതി...? പദ്ധതിയുടെ ഡിപിആർ പൊതുസമൂഹത്തിന്റെ മുന്നിൽ വെക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോ...? കൊവിഡ് കാലത്ത് കേരളത്തിൽ നടന്നത് സിപിഎം കുംഭകോണമാണ്.  സമാന രീതിയിൽ കെ റെയിലിലൂടെയും പാർട്ടിക്ക് വേണ്ടി കുംഭകോണം നടത്തുന്നു

എം.എം ഹസൻ
വികസനത്തിന് തുരങ്കം വയ്ക്കാനുള്ള പ്രതിഷേധം അല്ല കെ-റെയിലിനെതിരെ നടക്കുന്നത്. വിദഗ്ധരുമായി ചർച്ച നടത്തിയ ശേഷമാണ് യുഡിഎഫ് സിൽവർ ലൈനിനെതിരായ നിലപാടെടുത്തത്. അതിവേഗ റെയിൽപാത വേണം.പക്ഷേ അതിന് സിൽവർ ലൈൻ അല്ല വേണ്ടത്. 

 

Follow Us:
Download App:
  • android
  • ios