Asianet News MalayalamAsianet News Malayalam

കേവല ഭൂരിപക്ഷം നേടിയിട്ടും ചാലിയാർ പഞ്ചായത്തിൽ യുഡിഎഫിന് ഭരണമില്ല, സിപിഎമ്മിന് പ്രസിഡന്റ് പദവി

ഇരുപതു വര്‍ഷങ്ങളായി തുടര്‍ച്ചയായി അധികാരത്തിലിരുന്ന യു.ഡി.എഫിന് കഴിഞ്ഞ തവണ ഭരണം നഷ്ടപെട്ടത് വലിയ തിരിച്ചടിയായിരുന്നു. ഇത്തവണ ശക്തമായ മത്സരത്തിലൂടെ എട്ട് സീറ്റുകള്‍ നേടി യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടി

UDF got simple majority CPM wins president post
Author
Malappuram, First Published Dec 31, 2020, 8:14 AM IST

മലപ്പുറം: ചാലിയാര്‍ പഞ്ചായത്തില്‍ കേവല ഭൂരിപക്ഷം നേടിയിട്ടും യുഡിഎഫിന് ഭരണം കിട്ടിയില്ല. സിപിഎമ്മിനാണ് പ്രസിഡന്റ് പദവി. പ്രസിഡന്റ് പദവി പട്ടികജാതി സംവരണമായ പഞ്ചായത്തില്‍ യുഡിഎഫിന് ആ വിഭാഗത്തില്‍ നിന്നുള്ള അംഗമില്ലാത്തതിനാലാണ് ഭരണം നഷ്ടമായത്. യുഡിഎഫിന്‍റെ ഉറച്ച കോട്ടയായിരുന്ന ചാലിയാര്‍ പഞ്ചായത്തില്‍ കഴിഞ്ഞ തവണ ഇടതുമുന്നണി ഭരണം പിടിച്ചിരുന്നു.ആകെയുള്ള പതിനാലില്‍ ഏഴു സീറ്റുകള്‍ നേടിയ ഇടതുമുന്നണി നറുക്കെടുപ്പിലൂടെയാണ് കഴിഞ്ഞ തവണ ഭരണം പിടിച്ചത്.

ഇരുപതു വര്‍ഷങ്ങളായി തുടര്‍ച്ചയായി അധികാരത്തിലിരുന്ന യു.ഡി.എഫിന് കഴിഞ്ഞ തവണ ഭരണം നഷ്ടപെട്ടത് വലിയ തിരിച്ചടിയായിരുന്നു. ഇത്തവണ ശക്തമായ മത്സരത്തിലൂടെ എട്ട് സീറ്റുകള്‍ നേടി യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടി. പക്ഷെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ച പട്ടികജാതി സംവരണ സ്ഥാനാര്‍ത്ഥി, തന്റെ വാര്‍ഡില്‍ തോറ്റു.  ഇതോടെ പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള ഏക അംഗമെന്ന നിലയില്‍ സി.പി.എമ്മിലെ മനോഹരൻ പ്രസിഡന്റായി.

ഒരു യുഡിഎഫ് അംഗത്തെ രാജി വെപ്പിച്ച് അവിടെ ഉപതെരഞ്ഞെടുപ്പില്‍ പട്ടിക ജാതി വിഭാഗത്തിലെ കോൺഗ്രസ് പ്രവര്‍ത്തകനെ മത്സരിപ്പിച്ച് വിജയിപ്പിച്ച് പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ് നേതൃത്വം ഇപ്പോൾ. ഏതായാലും ചാലിയാര്‍ പഞ്ചായത്തില്‍ ഭൂരിപക്ഷം യുഡിഎഫിനും പ്രസിഡന്റ് സിപിഎമ്മുമായി കുറച്ചു കാലം ഭരണം തുടരും.

Follow Us:
Download App:
  • android
  • ios