സംസ്ഥാനത്തെ ഓരോ പൗരനും സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ്. സർക്കാർ മുന്നേറുകയാണെന്ന് പൊതു വിദ്യാഭ്യാസവും, തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ പൗരനും സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ്. സർക്കാർ മുന്നേറുകയാണെന്ന് പൊതു വിദ്യാഭ്യാസവും, തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തെ ഒരു സമഗ്ര ക്ഷേമസംസ്ഥാനമായി മാറ്റാനുള്ള കാഴ്ചപ്പാടിലാണ് സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ സംവിധാനം വിപുലീകരിക്കുകയും നൂതന പരിഷ്കാരങ്ങൾ നടപ്പാക്കുകയും ചെയ്യുന്നത്. സംസ്ഥാനത്തെ എല്ലാവർക്കും പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലവസരം എന്നിവ ഉറപ്പാക്കിയ ജനപക്ഷ സർക്കാരാണ് എൽ.ഡി.എഫ്. സർക്കാർ. ഇത്തരം വികസന കാഴ്ചപ്പാടിന്റെ പ്രധാന ഭാഗമാണ് സാമൂഹ്യ സുരക്ഷാ പെൻഷനെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 

കേരളത്തിൽ അഞ്ചു വിഭാഗങ്ങൾക്കാണ്‌ സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നത്‌. കർഷകത്തൊഴിലാളി പെൻഷൻ, അമ്പത്‌ വയസ്‌ കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്നവർക്കുള്ള പെൻഷൻ, വിധവ പെൻഷൻ എന്നിവ സാമൂഹിക സുരക്ഷാ പെൻഷന്റെ ഭാഗമാണ്‌. ഇതിൽ ആദ്യത്തെ രണ്ട്‌ വിഭാഗവും കേരളം സ്വന്തം നിലയിൽ പ്രഖ്യാപിച്ച്‌ നടപ്പാക്കിയിട്ടുള്ള പെൻഷനാണെന്നും മന്ത്രി. 

ഇതിന് പുറമെയാണ്‌ 16 തൊഴിൽ വിഭാഗങ്ങളിലെ വിരമിച്ച തൊഴിലാളികൾക്ക്‌ ക്ഷേമ പെൻഷൻ നൽകുന്നത്‌. കർഷകർ, ക്ഷീര കർഷകർ, മത്സ്യതൊഴിലാളികൾ, ലോട്ടറി തൊഴിലാളികൾ, കയർ തൊഴിലാളികൾ, ഖാദി തൊഴിലാളികൾ, വ്യാപാരികൾ, അസംഘടിത തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, ആഭരണ തൊഴിലാളികൾ, ചെറുകിട തോട്ടം തൊഴിലാളികൾ, ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളികൾ, ബീഡി ചുരുട്ട്‌ തൊഴിലാളികൾ, തയ്യൽ തൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, കശുവണ്ടിതൊഴിലാളികൾ എന്നീ വിഭാഗങ്ങൾക്കാണ്‌ ക്ഷേമ നിധി ബോർഡുകൾക്ക്‌ മതിയായ സാമ്പത്തിക ബലം ഇല്ലാത്ത സാഹചര്യത്തിൽ സർക്കാർ പെൻഷൻ നൽകുന്നതെന്നും മന്ത്രി.

പെൻഷൻ ഡാറ്റാബേസിൽ നിലവിൽ 63.67 ലക്ഷം പേരുടെ വിവരങ്ങളുണ്ട്. മസ്റ്ററിങ് ചെയ്ത 62 ലക്ഷം ഗുണഭോക്താക്കൾക്കാണ് പെൻഷൻ വിതരണം ചെയ്യുന്നത്. ഇവരിൽ 63% സ്ത്രീകളാണ്, എന്നത് സാമൂഹിക സുരക്ഷയുടെ സ്ത്രീപക്ഷ നിലപാടും വ്യക്തമാക്കുന്നു. 2011–2016 കാലം കേരളം ഭരിച്ചിരുന്ന ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ പെൻഷൻ നൽകിയിരുന്നത് 34,43,414 പേർക്കാണ്. മാസം 600 രൂപ നിരക്കിൽ 9,011 കോടി രൂപയാണ് ചെലവഴിച്ചത്. 2016–2021 കാലയളവിലെ ഒന്നാം പിണറായി സർക്കാർ പെൻഷൻകാരുടെ എണ്ണം ഘട്ടം ഘട്ടമായി 60 ലക്ഷമാക്കി ഉയർന്നു. 600 രൂപ എന്ന പെൻഷൻ തുക 1600 ആക്കി. അഞ്ച് വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാർ പെൻഷനായി വിതരണം ചെയ്തത് 35,154 കോടി രൂപയാണ്. രണ്ടാം പിണറായി സർക്കാർ ഇതുവരെ 62 ലക്ഷം പെൻഷൻകാർക്ക് 1600 രൂപ നിരക്കിൽ 37,582 കോടി രൂപ വിതരണം ചെയ്തു. 2016-ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരം ഒഴിയുമ്പോൾ 18 മാസത്തെ പെൻഷൻ കുടിശ്ശിക ഉണ്ടായിരുന്നു. എൽ.ഡി.എഫ് അധികാരത്തിൽ വന്നതിന് പിന്നാലെ ആ കുടിശ്ശിക തീർത്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2023–24 കാലത്ത് കേന്ദ്ര സർക്കാരിന്റെ ധനസഹായം തടസ്സപ്പെടുകയും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഉയരുകയും ചെയ്തപ്പോൾ കുറച്ച് മാസങ്ങളിലായി അഞ്ചു ഗഡുക്കളായി പെൻഷൻ കുടിശ്ശിക ആയിരുന്നുവെങ്കിലും, സർക്കാർ അടിയന്തിരമായി ഇടപെട്ട് മൂന്നുഗഡുക്കൾ വിതരണം ചെയ്തു. 2024 മാർച്ചു മുതൽ അതാതുമാസം തന്നെ ക്ഷേമ പെൻഷൻ വിതരണം ഉറപ്പാക്കുന്നുണ്ട്‌. ബാക്കി രണ്ടു ഗഡുകളും താമസിയാതെ നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എൽ.ഡി.എഫ് സർക്കാരിന്റെ നേതൃത്വത്തിൽ കേരളം മനുഷ്യസൗഹൃദ സാമൂഹ്യസംവിധാനങ്ങളിലേക്കുള്ള മാതൃകാപരമായ കുതിപ്പാണ് തുടരുന്നത്. ക്ഷേമപെൻഷൻ സംവിധാനത്തിന്റെ ശാക്തീകരണത്തിലൂടെ സംസ്ഥാന സർക്കാർ സാമൂഹിക നീതിയുടെ നവപാതകളിൽ പുതിയ മാതൃക സൃഷ്ടിക്കുന്നു. പൗരന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിലുള്ള സർക്കാരിന്റെ ശ്രദ്ധയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യങ്ങൾ ഒന്നും പരിശോധിക്കാതെയാണ് കെ സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രസ്താവനകൾ നടത്തുന്നതും സാധാരണക്കാരെ അവഹേളിക്കുന്നതുമെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.