ഉമ്മൻ ചാണ്ടിയുടെയും കെ.എം. മാണിയുടെയും സ്വപ്ന പദ്ധതിയായിരുന്ന കാരുണ്യ ഇൻഷുറൻസ് പദ്ധതി, 1500 കോടിയോളം രൂപയുടെ കുടിശ്ശിക കാരണം കടുത്ത പ്രതിസന്ധിയിലാണ്. പിണറായി സർക്കാർ വരുത്തിയ മാറ്റങ്ങളെ തുടർന്ന് ആശുപത്രികൾ പിന്മാറുകയും നിർധനരായ രോഗികളുടെ സൗജന്യ ചികിത്സ മുടങ്ങുകയും ചെയ്തു.

കോഴിക്കോട്: നിർധന രോഗികളുടെ സൗജന്യ ചികിത്സക്കായി തുടങ്ങിയ കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ കുടിശിക തീര്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ എത്ര വേഗം നടപടി സ്വീകരിക്കുമെന്നാണ് പദ്ധതിയുടെ ഭാഗമായ ആയിരങ്ങള്‍ ഉറ്റുനോക്കുന്നത്. 1500 കോടിയോളം രൂപയാണ് ആശുപത്രികള്‍ക്കും മരുന്ന് വിതരണ കന്പനികള്‍ക്കുമായി സര്‍ക്കാര്‍ കൊടുക്കാനുള്ളത്. പിണറായി സര്‍ക്കാരിനെതിരായ ജനവികാരം ആളിക്കത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചതും ആരോഗ്യ മേഖലയില്‍ സംഭവിച്ച തകര്‍ച്ചയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

1500 കോടിയോളം രൂപയാണ് ആശുപത്രികള്‍ക്കും മരുന്ന് വിതരണ കമ്പനികള്‍ക്കുമായി സര്‍ക്കാര്‍ കൊടുത്ത് തീര്‍ക്കാനുളളത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും കെഎം മാണി ധനമന്ത്രിയുമായ 2011 -16 കാലത്തെ യുഡിഎഫ് ഭരണ കാലത്താണ് നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ ചികില്‍സ നല്‍കാനായി ലോട്ടറി വഴി പണം കണ്ടെത്തിക്കൊണ്ടായിരുന്നു കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സിന് തുടക്കമിട്ടത്. കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം എന്നിവ ബാധിക്കുന്ന നിര്‍ദ്ധന രോഗികശള്‍ക്ക് ചികില്‍സയ്ക്കാവശ്യമായ പണം നേരിട്ട് നല്‍കുന്നതായിരുന്നു ഈ പദ്ധതി. എന്നാല്‍ കൂടുതല്‍ രോഗികളെയും ചികില്‍സകളെയും ഉള്‍ക്കൊള്ളുന്ന വിപുലമായ പദ്ധതി എന്ന പേരിലാണ് പിണറായി സര്‍ക്കാര്‍ കാരുണ്യ ബെനവലന്‍റ് ഫണ്ടിനെ കാരുണ്യആരോഗ്യ സുരക്ഷാ പദ്ധതി അഥവാ കാസ്പ് എന്ന പേരിലേക്ക് മാറ്റിയത്.

നേരിട്ട് പണം കൊടുക്കുന്നതിന് പകരം അഞ്ച് ലക്ഷം രൂപയുടെ വരെ സൗജന്യ ചികില്‍സ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ കിട്ടുമെന്നായിരുന്നു വാഗ്ദാനം. ആദ്യ ഘട്ടത്തില്‍ ഒട്ടേറെ പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം കിട്ടിയെങ്കിലും പിന്നീട് പദ്ധതിയില്‍ താളപ്പിഴകള്‍ തലപൊക്കി. കുടിശിക പെരുകി. ഇതോടെ എംപാനല്‍ ചെയ്ത പല സ്വകാര്യ ആശുപത്രികളും ക്ളിനിക്കുകളും പദ്ധതിയില്‍ നിന്ന് പിന്‍മാറി. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും പോലും സൗജന്യ ചികില്‍സയെന്ന സങ്കല്‍പം അട്ടിമറിക്കപ്പെട്ടു. മുടക്കമില്ലാതെ ചികില്‍സ ദീര്‍ഘകാലം ആവശ്യമായ വൃക്കരോഗികള്‍ പോലും സമാനതകളില്ലാത്ത ദുരിതത്തിലുമായി.

കോഴിക്കോട് മെഡിക്കല്‍ കോളജിന് മാത്രം നിലവില്‍ 340 കോടിയോളം രൂപ ചികിത്സ നല്‍കിയ വകയില്‍ ബാധ്യതയുണ്ട്. കോട്ടയം മെഡിക്കല്‍ കോളജിന്‍റെ ബാധ്യത 140 കോടിയിലേറെയാണ്. ചികിത്സ ഉപകരണങ്ങള്‍ വാങ്ങിയ ഇനത്തില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മരുന്ന് കന്പനികള്‍ക്ക് നല്‍കാനുളള തുക വേറെ. സര്‍ക്കാര്‍ കുടിശിക തീര്‍ക്കുമെന്ന പ്രതീക്ഷയില്‍ ഏറെക്കാലം നഷ്ടം സഹിച്ചും പദ്ധതിയുമായി സഹകരിച്ചിരുന്ന സ്വകാര്യ ആശുപത്രികള്‍ പോലും ഒടുവില്‍ പിന്‍മാറി.

ആരോഗ്യ രംഗത്തെ കേരള മോഡലിനെപ്പറ്റിയുളള വാഗ്ദാരോണികള്‍ക്കിടെയായിരുന്നു മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും വാങ്ങി നല്‍കിയാല്‍ മാത്രമേ മെച്ചപ്പെട്ട ചികില്‍സ കിട്ടൂ എന്ന നിലയിലേക്ക് സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതി താഴ്ന്നത്. യഥാസമയം ചികില്‍സ കിട്ടാതെ ജീവന്‍ നഷ്ടമായവരും ഏറെയാണ്. ആരോ​ഗ്യമേഖലയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നാണ് യുഡിഎഫ് വാ​ഗ്ദാനം.

പ്രതിസന്ധിയൊഴിയുന്നത് കാത്തു നില്‍ക്കാനാവാതെ കടം വാങ്ങിയും വസ്തു വിറ്റും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടേണ്ടി വന്നവരും കുറവല്ല. കേരളത്തില്‍ ചികില്‍സ ചെലവ് ഏറുന്നതിനെക്കുറിച്ച് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തെ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പങ്കുവച്ച ആശങ്കയും ഇതിനിടെ കേരളം കേട്ടു. ചികില്‍സാ പ്രതിസന്ധിയും ചികില്‍സാ പിഴവുകളും ചൂണ്ടിക്കാട്ടി പിണറായി സര്‍ക്കാരിനെതിരെ സമര രംഗത്ത് ഇറങ്ങിയ കോണ്‍ഗ്രസ് നേതാക്കളും പ്രതീക്ഷയിലാണ്.