കേരള കോണ്‍ഗ്രസിന്‍റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് ജോസ് കെ മാണിയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ജോസ് കെ മാണിയുടെ മുന്നണി മാറ്റം മാധ്യമങ്ങളുടെ മാത്രം ചര്‍ച്ചയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
കാസര്‍കോട്: കേരള കോണ്‍ഗ്രസ് എമ്മിന്‍റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് ജോസ് കെ മാണിയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ജോസ് കെ മാണിയുടെ മുന്നണി മാറ്റം മാധ്യമങ്ങളുടെ മാത്രം ചര്‍ച്ചയാണെന്നും എവിടെ നിന്നാണ് ആ വിവരം ലഭിച്ചതെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫിലേക്ക് വരാൻ താൽപര്യമുള്ളവർ വരും. ആരെയും നിർബന്ധിക്കില്ലെന്നും ഒരു വിസ്മയവും യുഡിഎഫ് അവകാശപ്പെട്ടിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വിസ്മയം ഉണ്ടാകുമെന്ന് പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ശബരിമല സ്വർണക്കടത്തിൽ വിശ്വാസികൾക്ക് സത്യം അറിയാം.
എംപിമാർ മത്സരിക്കുന്നത് എഐസിസി തീരുമാനിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പറഞ്ഞു. ലീഗ് ചര്‍ച്ച നടത്തിയോ എന്ന് അറിയില്ലെന്നും മുന്നണിയുടെ നന്മക്കായി ആർക്കും അവരുടേതായ സംഭാവനകൾ ചെയ്യാമെന്നും സണ്ണി ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ ലീഗ് കൂടുതൽ സീറ്റ് ചോദിച്ചിട്ടില്ല. പാലാ, കൊട്ടാരക്കര സീറ്റുകളുടെ കാര്യത്തിൽ ചർച്ച നടന്നിട്ടില്ല.താൻ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനം എടുക്കും. ധർമടത്ത് പിണറായിക്കെതിരെ ശക്തനായ സ്ഥാനാർഥി വരും. രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കുന്നതാണ് നല്ലതെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. കൈപിടിച്ച് രാജിവെപ്പിക്കാൻ കഴിയില്ലല്ലോയെന്നും സണ്ണി ജോസഫ് പറഞ്ഞു.


