കായംകുളത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് യുഡിഎഫ് നേതാവ് ഇര്‍ഷാദ് ചക്കാലശ്ശേരി. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും തന്‍റെ പ്രസ്താവനയെ അത്തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഇര്‍ഷാദ് ചക്കാലശ്ശേരി വ്യക്തമാക്കി.

ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് യുഡിഎഫ് നേതാവ് ഇര്‍ഷാദ് ചക്കാലശ്ശേരി. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും തന്‍റെ പ്രസ്താവനയെ അത്തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഇര്‍ഷാദ് ചക്കാലശ്ശേരി വ്യക്തമാക്കി. തന്‍റെ പരാമര്‍ശം ആര്‍ക്കെങ്കിലും വേദന ഉണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും ഇര്‍ഷാദ് വ്യക്തമാക്കി.

ഇതിനിടെ, യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സ്ത്രീ വിരുദ്ധവും അപമാനകരവുമായ പരാമർശമാണെന്നും രാഷ്ട്രീയ സംസ്കാരത്തിന്‍റെ തകർച്ചയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവൻ സ്ത്രീകളോടുമുള്ള അധിക്ഷേപമാണ്. സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് യുഡിഎഫിന്‍റെ തെറ്റിദ്ധാരണയാണ്. വ്യക്തിഹത്യയിലേക്ക് വലതുപക്ഷം നീങ്ങുന്നത് രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാലാണെന്നും “അവൾക്കൊപ്പം” എന്ന് ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും, ഇത്തരം സ്ത്രീവിരുദ്ധ രീതികളോട് സ്വീകരിക്കുന്ന നേർവിപരീത സമീപനം അവരുടെ കാപട്യമാണ് തുറന്നുകാട്ടുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം,യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ. സ്ത്രീ സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന പരാമര്‍ശമാണ് നടത്തിയതെന്ന് യു പ്രതിഭ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ജന പ്രതിനിധിയായാണ് മത്സരരംഗത്തേക്ക് ഇറങ്ങുന്നത്. പരാമർശത്തിനെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകുമെന്നും യു പ്രതിഭ അറിയിച്ചു. ഇന്ദിരഗാന്ധി ഉൾപ്പടെ ഉള്ളവരെ ഉയർത്തി കാണിക്കുന്ന പ്രസ്ഥാനത്തിലെ നേതാവിൽ നിന്നാണ് ഇത്തരം ഒരു പരാമർശം ഉണ്ടായത്. പരാമർശം വ്യക്തിഹത്യയുടെ അങ്ങേയറ്റമാണെന്നും പ്രതിഭ കൂട്ടിച്ചേര്‍ത്തു.

വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക്ചാചതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തെര‍ഞ്ഞെടുപ്പിലേക്ക് വരികയാണ് എന്നാണ് യുഡിഎഫ് മണ്ഡലം കൺവീനറും ലീ​ഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരിയുടെ വിവാദ പരാമർശം. വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ യു പ്രതിഭ എംഎൽഎ ആയിരുന്നപ്പോള്‍ ചെയ്തില്ല, കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു വിധത്തിലുള്ള വികസനപ്രവര്‍ത്തനവും ചെയ്തിട്ടില്ല. വാക് ചാതുരിയും ശരീരത്തിന്‍റെ അഴകും വിൽപനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ് എന്നുള്ള ഗുരുതരമായ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് ഇർഷാദ് ചക്കാലശ്ശേരിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇന്നലെ കായംകുളത്ത് വെച്ച് നടന്ന യുഡിഎഫ് കൺവെൻഷനിലായിരുന്നു സ്ത്രീവിരുദ്ധ പരാമർശം. പരാമര്‍ശത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്. ഈ വിഷയത്തിൽ യു പ്രതിഭ സ്വീകരിക്കാൻ പോകുന്ന നടപടിയാണ് നിര്‍ണായകം.

YouTube video player