ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രകാരം കേരളത്തിൽ യുഡിഎഫ് 78 മുതൽ 90 സീറ്റുകൾ വരെ നേടി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് 33 ശതമാനം പേരുടെ പിന്തുണയോടെ ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത് പിണറായി വിജയനെയാണ്.

ദില്ലി: കേരളത്തിൽ യുഡിഎഫ് മികച്ച വിജയത്തോടെ അധികാരത്തിലെത്തുമെന്ന ആക്സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോളിൽ, മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ പേർ നിർദേശിച്ചത് സിപിഎം നേതാവ് പിണറായി വിജയനെയെന്ന രസകരമായ വിവരം. ഒരു പതിറ്റാണ്ടായി ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലിരിക്കുന്ന കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് കുറഞ്ഞത് 78 മുതൽ 90 സീറ്റുകൾ വരെ നേടി അധികാരം പിടിക്കുമെന്ന് പ്രവചിക്കുന്നു. ഇതേ സർവേയിലാണ് പിണറായി വിജയനെയാണ് മുഖ്യമന്ത്രിയായി കാണണമെന്ന് ഏറ്റവും കൂടുതൽ അഭിപ്രായപ്പെട്ടതായും പറയുന്നത്. 

എൽഡിഎഫ് 49-62 സീറ്റുകൾ നേടുമെന്ന് എക്സിറ്റ് പോൾ പ്രവചിക്കുന്നു. ബിജെപി നയിക്കുന്ന എൻഡിഎ സീറ്റ് നേടില്ലെന്നും പറയുന്നു. 33 ശതമാനം ആളുകളും നിലവിലെ മുഖ്യമന്ത്രി തുടരണമെന്ന് ആഗ്രഹിക്കുന്നു. കോൺ​ഗ്രസ് നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് 21 ശതമാനം പേർ അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തലക്ക് എട്ട് ശതമാനം പേരുടെ പിന്തുണയും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന് 4 ശതമാനം പിന്തുണയും ലഭിച്ചു. മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്ന അഞ്ച് പേരുകളുടെ പട്ടികയിലെ അവസാനത്തെ നേതാവാണ് കെ.സി. വേണുഗോപാൽ.