തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാനായി യുഡിഎഫ് യോഗം ഇന്ന് വൈകീട്ട് ചേരും. തെരഞ്ഞെടുപ്പ് തോൽവിയിലും നേതാക്കളുടെ പരസ്യപ്പോരിലും കോൺഗ്രസിനെതിരെ  ഘടകകക്ഷികൾ വിമർശനം ഉന്നയിക്കാനിടയുണ്ട്. കോട്ടകൾ നഷ്ടമായ സ്ഥിതിയിലാണ് കോൺഗ്രസ്സും കേരള കോൺഗ്രസ്സും യുഡിഎഫ് യോഗത്തിനെത്തുന്നത്. പാലാ ഫലം വന്നശേഷം മുന്നണി യോഗം ചേർന്നിരുന്നില്ല. ജോസഫ്-ജോസ് തമ്മിലടിയിൽ പാലാ നഷ്ടമാക്കിയെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

പോരിനെതിരെ കടുത്ത വിമർശനം ഉന്നയിക്കാൻ ഒരുങ്ങിയ കോൺഗ്രസ് പക്ഷേ ഇപ്പോൾ വെട്ടിലാണ്. സിറ്റിംഗ് സീറ്റുകളായ വട്ടിയൂർകാവും കോന്നിയും നഷ്ടപ്പെടുത്തിയെന്ന് മാത്രമല്ല, പരസ്യവിമർശനം പാടില്ലെന്ന വിലക്ക് ലംഘിച്ച് നേതാക്കൾ പോരു തുടരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസിനെതിരെ ഘടകകക്ഷികൾ ശക്തമായ വിമർശനം ഉന്നയിക്കുമെന്നുറപ്പാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച ജയം നൽകിയ ആത്മവിശ്വാസം കോൺഗ്രസിലെയും കേരള കോൺഗ്രസ്സിലെയും തമ്മിലടി മൂലം കളഞ്ഞുകുളിച്ചെന്നാണ് ലീഗിൻറെ അഭിപ്രായം. ആർഎസ്എപിയും അതൃപ്തരാണ്. കേരള കോൺഗ്രസ്സിലെ തർക്കം ഇതുവരെ തീർന്നിട്ടുമില്ല. പരസ്പര വിമർശനം ഉയരുമെങ്കിലും നിയമസഭാ സമ്മേളനം കൂടി നടക്കുന്ന സാഹചര്യത്തിൽ സർക്കാറിനെതിരായ കൂടുതൽ സമരപരിപാടികൾക്കും യോഗം രൂപം നൽകാനിടയുണ്ട്.