തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ പല വാർഡുകളിലും യുഡിഎഫിന്റേത് ദയനീയ പ്രകടനം. 25 ഇടത്ത് മാത്രമാണ് യുഡിഎഫിന് രണ്ടാം സ്ഥാനത്തേക്ക് എത്താനായത്. സീറ്റ് നിലയിൽ 22 ൽ നിന്നും 10 ലേക്കുളള വീഴ്ച മാത്രമല്ല, പല വാർഡുകളിലും യുഡിഎഫ് നേരിട്ടത് കനത്ത തകർച്ചയാണ്. കിണവൂർ, ഹാർബർ, മാണിക്കവിളാകം, അമ്പലത്തറ വാർഡുകളിൽ യുഡിഎഫ് നാലാമതാണ്.

എൽഡിഎഫ് മേയർ സ്ഥാനാർത്ഥിയായി പരിഗണിച്ച എസ് പുഷ്പലതയെ തോല്പിച്ച് ബിജെപിയിലെ കരമന അജിത് പിടിച്ചെടുത്ത നെടുങ്കാട് വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കിട്ടിയത് 74 വോട്ട് മാത്രമാണ്. ഹാർബർ വാർഡിൽ യുഡിഎഫ് വിമതനായ നിസാമുദ്ദീൻ ജയിച്ചപ്പോൾ ഔദ്യോഗിക സ്ഥാനാർത്ഥി നാലാമതായി. കോട്ടപ്പുറത്തും വിമതൻ ജയിച്ചപ്പോൾ ഔദ്യോഗിക സ്ഥാനർത്ഥി മൂന്നാമത്. 

കാലടിയിൽ കോൺഗ്രസ് വിമതൻ രാജപ്പൻ നായർ രണ്ടാമതെത്തിയപ്പോൾ ഔദ്യോഗിക സ്ഥാനാർത്ഥി മൂന്നാമതെത്തി. നന്തൻകോട് യുഡിഎഫ് സ്ഥാനാർത്ഥിയുടെ തോൽവിക്ക് കാരണവും നാനൂറിലേറെ വോട്ട് നേടിയ വിമതസ്ഥാനാർത്ഥിയാണ്.  കിണവൂരിൽ യുഡിഎഫ് തോൽവിക്ക് കാരണം പ്രാദേശിക കോൺഗ്രസ് നേതാക്കൾ കൂടി പിന്തുണച്ച തിരുവനന്തപുരം വികസനമുന്നേറ്റ സ്ഥാനാർത്ഥി. 1026 വോട്ടുകളുമായി ഇവിടെ ടിവിഎം സ്ഥാനാർത്ഥി മൂന്നാമതായി.

മികച്ച വിജയത്തിനിടയിലും ഇടത് വാർഡായ നെട്ടയത്ത് പാർട്ടി തോൽക്കാൻ കാരണം എൽഡിഎഫ് വിമതാനായ നല്ല പെരുമാൾ നേടിയ വോട്ടുകൾ. കിണവൂരൊഴികെ തിരുവനന്തപുരം വികസന മുന്നേറ്റത്തിന് കാര്യമായ ചലനമുണ്ടാക്കാനായില്ല. നഗരസഭായിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം കവടിയാറിലാണ്. റീ കൗണ്ടിംഗ് നടന്നിട്ടും യുഡിഎഫ് സ്ഥാനാർത്ഥി സതികുമാരി ബിജെപിക്കെതിരെ ജയിച്ചത് ഒരു വോട്ടിനാണ്.