പരമ്പരാഗതമായി മുസ്ലീം ലീഗിന് വേരോട്ടമുളള മണ്ഡലമാണ് ഗുരുവായൂരെങ്കിലും 2006 മുതൽ പാര്‍ട്ടി പച്ച തൊട്ടിട്ടില്ല

തൃശൂർ: ഗുരുവായൂരിൽ കെവി അബ്ദുൽഖാദറിനെ തളയ്ക്കാൻ തലപുകച്ച് യുഡിഎഫ്. മുസ്ലിം ലീഗ് തുടർച്ചയായി മത്സരിച്ച് തോൽക്കുന്ന സീറ്റ് തിരിച്ചെടുക്കാൻ ആലോചിക്കുകയാണ് കോൺഗ്രസ്. നാലാം തവണയും അബ്ദുൽഖാദറിനെ തന്നെ രംഗത്തിറക്കാൻ ഇടതുമുന്നണി ഒരുങ്ങുന്നുവെന്നാണ് സൂചനകൾ.

പരമ്പരാഗതമായി മുസ്ലീം ലീഗിന് വേരോട്ടമുളള മണ്ഡലമാണ് ഗുരുവായൂരെങ്കിലും 2006 മുതൽ പാര്‍ട്ടി പച്ച തൊട്ടിട്ടില്ല. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും വിജയിച്ചത് എല്‍ഡിഎഫ് സ്ഥാനർത്ഥിയായ കെവി അബ്ദുൾ ഖാദറാണ്.

2011 ൽ അബ്ദുള്‍ ഖാദറിന്റെ ഭൂരിപക്ഷം 9968 ആയിരുന്നെങ്കില്‍ 2016ല്‍ അത് 15000 വോട്ടിലെത്തി. ഇങ്ങനെ തോല്‍ക്കാനായി മാത്രം മണ്ഡലം ലീഗിന് കൊടുക്കണോയെന്നാണ് കോണ്‍ഗ്രസിൻറെ ചോദ്യം. കഴിഞ്ഞ ദിവസം തൃശൂര്‍ ഡിസിസിയില്‍ ചേര്‍ന്ന ജില്ല നേതൃയോഗത്തില്‍ ഇക്കാര്യം പല മുതിര്‍ന്ന നേതാക്കളും ഉന്നയിച്ചു. എന്നാല്‍ മണ്ഡലം പിടിച്ചെടുക്കുന്ന നീക്കം കോണ്‍ഗ്രസിൻറെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് ലീഗ്. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സിഎച്ച് റഷീദിനെ സ്ഥാനാര്‍ഥിയാക്കാനാണ് നീക്കം.

എല്‍ഡിഎഫിനാകട്ടെ ഗുരുവായൂരില്‍ അബ്ദുള്‍ ഖാദറിനെയല്ലാതെ മറ്റൊരു സ്ഥാനാർത്ഥിയെ ഉയർത്തി കാണിക്കാനില്ല. മണ്ഡലത്തില്‍ ജനകീയനായ അബ്ദുള്‍ ഖാദറിനെ തന്നെ നാലാം വട്ടവും രംഗത്തിറക്കാനാണ് സാധ്യത. 2001ലെ മിന്നുന്ന വിജയം നീണ്ട ഇടവേളയ്ക്ക് ശേഷം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കഴിഞ്ഞ 15 വര്‍ഷമായി എംഎല്‍എ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ മാത്രം മതി സീറ്റ് നിലിനിര്‍ത്താനെന്ന് എല്‍ഡിഎഫും കരുതുന്നു.