കേരളത്തിലെ 60 ലക്ഷത്തോളം പേർക്ക് ആശ്വാസമാകുന്ന സാമൂഹ്യ ക്ഷേമപെൻഷൻ തുക വർധിപ്പിക്കണമെന്ന ആവശ്യം ജനങ്ങൾക്കിടയിൽ  ശക്തമാണ്. അധികാരത്തിൽ വന്നാൽ പെൻഷൻ തുക 3000 രൂപയാക്കുമെന്നാണ് യുഡിഎഫ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ജനങ്ങൾ ഇതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കാം. 

കേരളം വർഷങ്ങളായി തുടർന്നു പോരുന്നതും ലോകത്തിന് മുന്നിലൊരു മാതൃകയെന്നോണം ഉയർത്തികാട്ടുന്ന പദ്ധതികളിൽ ഒന്നാണ് സാമൂഹ്യ ക്ഷേമപെൻഷൻ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഏറെ സഹായകമായ പദ്ധതികളിലൊന്ന്. ഏകദേശം 60 ലക്ഷത്തോളം പേർ ഇതിന്റെ ​ഗുണഭോക്താക്കളാണ്. വാർദ്ധക്യപെൻഷൻ, വിധവാപെൻഷൻ, ഭിന്നശേഷി പെൻഷൻ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ക്ഷേമപെൻഷൻ. അതിനാൽ ജനവിധി തീരുമാനിക്കുന്നതിൽ ക്ഷേമപെൻഷനും ഒരു ഘടകമാണ്. എന്നാൽ നിലവിലെ പെൻഷൻ തുകയിൽ തൃപ്തരല്ലെന്നാണ് ജനങ്ങൾ പറയുന്നത്. ഇന്നത്തെ ജീവിത സാഹചര്യത്തിൽ പെൻഷൻ തുക ഇനിയും ഉയർത്തേണ്ടതുണ്ടോ? പെൻഷൻ 3000 ത്തിലേക്ക് എത്തിയാൽ ജീവിതനിലവാരത്തിൽ മാറ്റമുണ്ടോകുമോയെന്നെല്ലാം ചോദ്യങ്ങളുയരുകയാണ്.

YouTube video player

പെൻഷൻ ഉയർത്തണമെന്ന ആവശ്യമാണ് ഭൂരിഭാ​ഗം പേരും മുന്നോട്ട് വയ്ക്കുന്നത്. അവർക്കിടയിലേക്കാണ് ഇക്കുറി പെൻഷൻ തുക 3000 ത്തിലേക്ക് ഉയർത്തുമെന്ന യുഡിഎഫിന്റെ പ്രഖ്യാപനവും എത്തുന്നത്. സാമൂഹ ക്ഷേമപെൻഷൻ ഒരു സഹായമെന്നതിന് അപ്പുറം പലരുടെയും വരുമാന മാർ​ഗമാണ്. പലരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒന്ന്. പെൻഷൻ തുക വർധി്പ്പിക്കുന്നതും വിതരണം കാര്യക്ഷമമാക്കുന്നതും ഈ പദ്ധതിയുടെ ​ഗുണം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിൽ ഉപകാരപ്രദമാകും.

സാമൂഹ്യക്ഷേമപെൻഷൻ ഒരു ക്ഷേമപദ്ധതിയെന്നതിലപ്പുറം അടിസ്ഥാന ജീവിതാവകാശം ഉറപ്പാക്കുന്നത് കൂടിയാണ്. മരുന്ന്, ഭക്ഷണം മുതലായ അടിസ്ഥാന ആവശ്യങ്ങൾക്കായി ഈ തുകയെ ആശ്രയിക്കുന്നവർ നിരവധിയാണ്. അതിനാൽ പെൻഷൻ തുക വർധിപ്പിക്കുക എന്നതിനൊപ്പം തന്നെ അത് സമയബന്ധതമായി ലഭിക്കേണ്ടതും വളരെ പ്രധാനമാണ്.