കോട്ടയം: പാലാ നഗരസഭയിലെ സീറ്റ് വിഭദനം പൂർത്തിയാക്കി കോൺ​ഗ്രസും കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗവും. 26 സീറ്റുള്ള പാലാ ന​ഗരസഭയിലെ 13 സീറ്റുകളിൽ കോൺ​ഗ്രസും ബാക്കി 13 സീറ്റുകളിൽ കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗവും മത്സരിക്കും. 

അതേസമയം തദ്ദേശത്തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കൂടുതല്‍ സീറ്റ് നല്‍കിയതിനെച്ചൊല്ലി കോട്ടയത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി നടക്കുകയാണ്. ജോസഫ് ​ഗ്രൂപ്പിന് കൂടുതൽ സീറ്റുകൾ നൽകിയതിൽ യൂത്ത് കോണ്‍ഗ്രസ് പരസ്യമായി അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തില്‍ എരുമേലി സീറ്റ് നല്‍കിയില്ലെങ്കില്‍ ജില്ലയില്‍ യുഡിഎഫ് വിട്ട് തനിച്ച് മത്സരിക്കുമെന്ന് മുസ്ലീം ലീഗും വ്യക്തമാക്കിയിട്ടുണ്ട്. 

ജോസ് കെ മാണി യുഡിഎഫ് വിട്ടതോടെ അവരുടെ പക്കലുണ്ടായിരുന്ന സീറ്റുകള്‍ ഏറ്റെടുത്ത് മത്സരിക്കാമെന്ന കണക്ക്കൂട്ടലിലായിരുന്നു കോട്ടയത്തെ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍. കേരളാ കോണ്‍ഗ്രസിന്‍റെ മുഴുവൻ സീറ്റുകളും വേണമെന്ന ജോസഫിന്‍റെ അവകാശ വാദം ആദ്യമേ പരസ്യമായി തള്ളി കോണ്‍ഗ്രസ് നേതൃത്വം അണികളില്‍ പ്രതീക്ഷയും നിലനിര്‍ത്തിയിരുന്നു. 

പിന്നാലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കാള്‍ കേരളാ കോണ്‍ഗ്രസിന്‍റെ സീറ്റുകളില്‍ കണ്ണ് വച്ച് പ്രവര്‍ത്തനവും തുടങ്ങി. പക്ഷേ ജില്ലാ പഞ്ചായത്തിലെ സീറ്റ് വിഭജനം കേട്ട് എല്ലാവരും ഞെട്ടി. 22 ഡിവിഷനുകളില്‍ 9 എണ്ണവും ജോസഫ് വിഭാഗത്തിന്. 

കഴിഞ്ഞ തവണ ആകെ കേരളാ കോണ്‍ഗ്രസ് മത്സരിച്ചത് 11 സീറ്റില്‍. ജോസഫ് വിഭാഗത്തിനാകട്ടെ അതില്‍ രണ്ട് ഡിവിഷനുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടില്‍ നിന്ന് ഒൻപത് സീറ്റിലേക്ക് ജോസഫ് വിഭാഗത്തെ ഉയര്‍ത്തിയതിനെതിരെ ജില്ലയില്‍ പ്രതിഷേധം ശക്തമാകുകയാണ്

സ്വാധീനമുള്ള എരുമേലി ഇക്കുറി കിട്ടണമെന്ന് ലീഗ് നേരത്തെ തന്നെ യുഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു..ജില്ലാ പഞ്ചായത്തില്‍ ഈ ഒരു ഡിവിഷൻ മാത്രമാണ് ലീഗ് ആവശ്യപ്പെട്ടത്. പക്ഷേ ജോസഫിന് 9 കൊടുത്ത സാഹചര്യത്തില്‍ ഇനി സീറ്റുകൾ മറ്റു ഘടകക്ഷികള്‍ക്ക് വീതം വയ്ക്കേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇതോടെ ഉടക്കിപ്പിരിഞ്ഞ ലീഗ് 5 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ബ്ലോക്കിലും തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.