യുഡിഎഫ് ഉപരോധത്തില്‍ സ്തംഭിച്ച് സെക്രട്ടറിയേറ്റ് പരിസരം; നഗരത്തിൽ വന്‍ ഗതാഗത കുരുക്ക്, വലഞ്ഞ് ജനം
അഴിമതിയും സഹകരണകൊള്ളയും ഉയർത്തിയാണ് യുഡിഎഫിന്റെ പ്രതിഷേധം. ഉപരോധത്തെ തുടർന്ന് സെക്രട്ടറിയേറ്റ് പരിസരം സ്തംഭിച്ചു. എം ജി റോഡ്, പാളയം, ബേക്കറി ജംഗ്ഷൻ, തമ്പാനൂർ എന്നീ ഭാഗങ്ങളിൽ വന്‍ ഗതാഗത കുരുക്ക്. വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെ ജനം വലഞ്ഞു.

തിരുവനനന്തപുരം: സർക്കാരിനെതിരെ രാഷ്ട്രീയ പ്രതിരോധം തീർത്ത് യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം. അഴിമതിയും സഹകരണകൊള്ളയും ഉയർത്തിയാണ് യുഡിഎഫിന്റെ പ്രതിഷേധം. ഉപരോധത്തെ തുടർന്ന് സെക്രട്ടറിയേറ്റ് പരിസരം സ്തംഭിച്ചു. എം ജി റോഡ്, പാളയം, ബേക്കറി ജംഗ്ഷൻ, തമ്പാനൂർ എന്നീ ഭാഗങ്ങളിൽ വന്‍ ഗതാഗത കുരുക്ക്. വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെ ജനം വലഞ്ഞു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെയും പൊലീസ് തടഞ്ഞു. ഉപദേഷ്ടാവെന്ന് മാധ്യമപ്രർത്തകർ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് എം സി ദത്തനെ പൊലീസ് കടത്തിവിട്ടത്. ബാരിക്കേഡ് കടത്തി വിട്ട ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ദത്തൻ തട്ടി കയറി.
കന്‍റോണ്‍മെന്‍റ് ഗേറ്റ് ഒഴികെയുള്ള സെക്രട്ടറിയേറ്റിലേക്കുള്ള എല്ലാ വഴികളും യുഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. സര്‍ക്കാരിനെതിരായ അഴിമതി, സഹകരണ ബാങ്കുകളിലെ കൊള്ള തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സമരം. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഉച്ച ഭക്ഷണം കൊടുക്കാൻ കാശില്ലാത്തപ്പോഴാണ് ആയിരം വാഹനങ്ങളുടെ അകമ്പടിയിൽ മുഖ്യമന്ത്രി യാത്ര നടത്തുന്നതെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ഘടകകക്ഷി നേതാക്കള്‍ ഉള്‍പ്പടെ മുന്നണിയുടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ഉപരോധ സമരത്തിനെത്തിയിട്ടുണ്ട്. ആയിരത്തി അഞ്ഞുറോളം പൊലീസുകാരെയാണ് തലസ്ഥാന നഗരത്തില്‍ സുരക്ഷയ്ക്കായി വിന്യസിപ്പിച്ചിരിക്കുന്നത്.
അതിനിടെ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തനെയും സെക്രട്ടേറിയേറ്റിന് മുന്നിൽ പൊലീസുകാർ തടഞ്ഞു. യുഡിഎഫിന്റെ ഉപരോധത്തിന് ഇടയിൽ സെക്രട്ടേറിയേറ്റിലേക്ക് എത്തിയ ഇദ്ദേഹത്തിന് പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുന്നിൽ കാത്ത് നിൽക്കേണ്ടി വന്നു. ഈ സമയത്ത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണെന്നും കടത്തിവിടണമെന്നും മാധ്യമപ്രവർത്തകർ പൊലീസിനോട് ആവശ്യപ്പെട്ടു. മുതിർന്ന പൊലീസുകാർ ഉടൻ തന്നെ ഇടപെട്ട് ദത്തനെ കടത്തിവിട്ടു. സെക്രട്ടേറിയേറ്റ് ജീവനക്കാർക്ക് ഇടയിൽ നിന്നാണ് ദത്തനെ അദ്ദേഹത്തെ കടത്തിവിട്ടത്. എന്നാൽ തന്നെ കടത്തിവിടാൻ ഇടപെട്ട മാധ്യമപ്രവർത്തകരോട് നീയൊക്കെ തെണ്ടാൻ പോ എന്നായിരുന്നു ദത്തൻ പ്രതികരിച്ചത്.