കൊല്ലം: നിയമസഭ മണ്ഡലത്തിനായി യുഡിഎഫില്‍ കൂട്ടപ്പൊരിച്ചില്‍. കോണ്‍ഗ്രസ് തുടര്‍ച്ചയായി തോല്‍ക്കുന്ന സീറ്റ് ഇക്കുറി കിട്ടിയാല്‍ കൊളളാമെന്ന ആഗ്രഹം മുന്നണി നേതൃത്വത്തിന് മുന്നില്‍ വച്ചിരിക്കുകയാണ് ഘടകകക്ഷികളായ ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കും. കോണ്‍ഗ്രസിലാകട്ടെ പതിവുപോലെ നേതാക്കളുടെ നീണ്ട നിരയാണ് സീറ്റിനായി രംഗത്തുള്ളത്.

ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും കെപിസിസി ഉപാധ്യക്ഷന്‍ ശൂരനാട് രാജശേഖരനും തമ്മിലാണ് കോണ്‍ഗ്രസില്‍ കൊല്ലം സീറ്റിനായി പ്രധാന മല്‍സരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റ സൂരജ് രവിയ്ക്കുമുണ്ട് സീറ്റ് ആഗ്രഹം. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇടത് സിറ്റിങ് ഡിവിഷന്‍ പിടിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് കുരുവിള ജോസഫിനു വേണ്ടി അണികളുടെ ഫെയ്‌സ്ബുക്ക് മുറവിളി കൂട്ടലും തുടങ്ങിക്കഴിഞ്ഞു. ആര്‍ ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കറും പി സി വിഷ്ണുനാഥുമുണ്ട് നേതൃത്വത്തിന്റെ മനസില്‍.

കൊല്ലമങ്ങനെ രാഷ്ട്രീയ ഇല്ലമാക്കാന്‍ കോണ്‍ഗ്രസിലെ മല്ലന്‍മാരൊരുപാടു പേര്‍ നിരന്ന് നില്‍ക്കുന്നതിനിടയിലാണ് മണ്ഡലമാവശ്യപ്പെട്ടുളള ഘടകകക്ഷികളുടെ വരവ്. പത്തു വര്‍ഷമായി കോണ്‍ഗ്രസ് തോല്‍ക്കുന്ന സീറ്റാണ് കൊല്ലം എന്ന കാര്യം ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കും കോണ്‍ഗ്രസ് നേതൃത്വത്തെ ഓര്‍മിപ്പിക്കുന്നു.

ഏറ്റവും അവസാനം കൊല്ലത്തു ജയിച്ച യുഡിഎഫുകാരന്‍ എന്ന നിലയില്‍ ബാബു ദിവാകരനു വേണ്ടിയാണ് ആര്‍എസ്പി സീറ്റ് ചോദിക്കുന്നത്. കൊല്ലം കൊടുത്താല്‍ ആറ്റിങ്ങലോ കയ്പമംഗലമോ തിരികെ കൊടുക്കാമെന്നാണ് ഓഫര്‍. കൊല്ലത്തുകാരനായ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന് ഇക്കുറി ഒരു സീറ്റ് യുഡിഎഫ് നേതൃത്വം ഉറപ്പു കൊടുത്തിട്ടുണ്ട്. ആ സീറ്റ് തനിക്ക് വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും ഏറെയുളള കൊല്ലം നഗര മണ്ഡലത്തില്‍ തന്നെ ആഗ്രഹിക്കുകയാണ് ദേവരാജന്‍.