മാര്‍ച്ച് മാസം നാലിന് യുഡിഎഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും ധര്‍ണ്ണ നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു

തിരുവനന്തപുരം: കേരളത്തില്‍ അക്രമം വ‍ർധിക്കുന്നുവെന്നും ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നൂവെന്നും ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് പ്രക്ഷോഭം തുടങ്ങുന്നു. മാര്‍ച്ച് മാസം നാലിന് യുഡിഎഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും ധര്‍ണ്ണ നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. ഗുണ്ടാ സംഘങ്ങളെയും ലഹരിമാഫിയേയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പൊലീസും സിപിഎമ്മും സ്വീകരിക്കുന്നതെന്നും ഇതിന് അവസാനമുണ്ടാക്കാനാണ് യു ഡി എഫ് പ്രക്ഷോഭമെന്നും ഹസൻ വിവരിച്ചു.

യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്

കേരളത്തില്‍ ദിനം പ്രതിവര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാഅക്രമങ്ങളും സ്ത്രീകള്‍ക്കും കൂട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളും മൂലം സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നൂവെന്നും അതിന് ഉത്തരവാദിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് മാസം നാലിന് യുഡിഎഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും ധര്‍ണ്ണ നടത്തുമെന്ന് യു ഡി എഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു.

ഗുണ്ടാ സംഘങ്ങളെയും ലഹരിമാഫിയേയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പോലീസും സിപിഎമ്മും സ്വീകരിക്കുന്നത്. കൊലപാതക ഭീകരതയില്‍ നടുങ്ങി നില്‍ക്കുകയാണ് കേരളം.പിണറായിവിജയന്റെ ഭരണത്തില്‍ സംസ്ഥാനം സമാനതകളില്ലാത്ത ഗുണ്ടാവിളയാട്ടങ്ങള്‍ക്കാണ് സാക്ഷ്യംവഹിക്കുന്നത് .പോലീസ് നോക്കുകുത്തിയായി. പോലീസിന്റെ രാഷ്ട്രീയവത്കരിച്ചതിന്റെ അനന്തരഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്.പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിനു ശേഷം 56 രാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നത് . വിവാഹവേദികള്‍ പോലും കുരുതിക്കളങ്ങളായി മാറി. രാഷ്ട്രീകൊലപാതകങ്ങളില്‍ 30 എണ്ണത്തിലും പ്രതിസ്ഥാനത്ത് സിപിഎമ്മാണ്. തൊട്ടുപിറകില്‍ 13 എണ്ണത്തില്‍ പ്രതിസ്ഥാനത്ത് ബിജെപിയുമുണ്ട്. അരുംകൊല രാഷ്ട്രീയത്തിന് അറുതിവരുത്തേണ്ട സമയം അതിക്രമിച്ചു. നിരവധി കുടുംബങ്ങളെ അനാഥമാക്കാന്നു അക്രമപരമ്പരകള്‍ക്ക് അന്ത്യം കുറിക്കേണ്ടത് അനിവാര്യമാണെന്നും ഹസ്സന്‍ പറഞ്ഞു.


സെക്രട്ടേറിയറ്റ്, എറണാകുളം, കോഴിക്കോട് കളക്ട്രേറ്റുകള്‍ ഉള്‍പ്പടെ മൂന്ന് കേന്ദ്രങ്ങളിലായി നടക്കുന്ന ധര്‍ണ്ണയില്‍ യുഡിഎഫ് എംപിമാര്‍,എംഎല്‍എമാര്‍,തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍,യുഡിഎഫ് നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ജനപ്രതിനിധികളും നേതാക്കളും പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് ധര്‍ണ്ണ രാവിലെ 10.30ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല,പിജെ ജോസഫ്,കൊടിക്കുന്നില്‍ സുരേഷ്, എഎ അസീസ്, സിപി ജോണ്‍, മാണി സി കാപ്പന്‍, ദേവരാജന്‍, എംപിമാരായ ശശി തരൂര്‍, പ്രേമചന്ദ്രന്‍,അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എന്നിവരും യുഡിഎഫ് എംഎല്‍എമാരും തുടങ്ങിയവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കും.

 ആലപ്പുഴ, തൃശ്ശൂര്‍,ഇടുക്കി,പാലക്കാട് എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന ധര്‍ണ്ണ എറണാകുളം കളക്ട്രേറ്റിന് മുന്നില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ്, കെ.എന്‍.രാജന്‍ ബാബു,ജോണ്‍ ജോണ്‍, എംപിമാരായ ബെന്നി ബെഹന്നാന്‍, ഹൈബി ഈഡന്‍,റ്റിഎന്‍ പ്രതാപന്‍,ഡീന്‍ കുര്യാക്കോസ്, ശ്രീകണ്ഠന്‍,രമ്യാഹരിദാസും എംഎല്‍എമാരും നേതൃത്വം നല്‍കും.

കാസര്‍ഗോഡ്,വയനാട്, മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന ധര്‍ണ്ണ കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ പികെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്യും. എംപിമാരായ കെ.മുരളീധരന്‍,ഇടി മുഹമ്മദ് ബഷീര്‍,എംകെ രാഘവന്‍, അബ്ദുള്‍ സമ്മദ് സമദാനി,രാജ് മോഹന്‍ ഉണ്ണിത്താന്‍,അബ്ദുള്‍ വഹാബ് എന്നിവരും പങ്കെടുക്കും.